തിരുവനന്തപുരം: സേവന നിരതമായ സമർപ്പിത ജീവിതത്തിന്റെ ഒരു ഉത്തമ മാതൃകയായിരുന്നു കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡൻ്റ് എ. ബാലകൃഷ്ണൻജിയെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ
ആർ. സഞ്ജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിവേകാനന്ദകേന്ദ്രത്തിന്റെ ദേശവ്യാപകമായ പ്രവർത്തന വികാസത്തിൽ നിർണ്ണായകമായ പങ്കാണ് ബാലകൃഷ്ണൻജി നിർവ്വഹിച്ചിട്ടുള്ളത്. അരനൂറ്റാണ്ടിന് മുൻപ് കേന്ദ്രത്തിന്റെ ജീവൻവ്രതി കാര്യകർത്താവായി തുടങ്ങിയതാണ് ആ സാധനാ ജീവിതം. അതിനിടയിൽ രണ്ടു പതിറ്റാണ്ടുകാലം ജനറൽ സെക്രട്ടറിയായും ഏതാണ്ട് അത്രയും കാലം വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു. 2020 ൽ പി. പരമേശ്വർജിക്കു ശേഷമാണ് കേന്ദ്രത്തിന്റെ അധ്യക്ഷ പദവിയിൽ എത്തുന്നത്.
അരുണാചൽ ഉൾ പ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തുടക്കംകുറിച്ച വാദ്യാദ്യസ- സാമൂഹിക സേവന സംരംഭങ്ങൾക്ക് അടിത്തറ പാകുന്നതിൽ ബാലകൃഷണൻജി വിശിഷ്ട സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് ആർ. സഞ്ജയൻ ചൂണ്ടിക്കാട്ടി. ലാളിത്യം, ഭക്തി, വിനയം, സമർപ്പണം, നിരുപാധിക സ്നേഹം എന്നിവയൊക്കെ ആ മഹദ് ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു. ആ നിസ്തുല കർമ്മയോഗിയുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.















