തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസ്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സൈബർ പൊലീസാണ് കേസെടുത്തത്.
രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടെ ആറ് ഗുരുതര വകുപ്പുകളാണ് ധന്യ ഹർഷിദിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതിയിൽ ഉന്നയിച്ചിട്ടുള്ള പരാമർശങ്ങളുടെ സ്വഭാവവും നിയമലംഘനവും പരിശോധിച്ചാണ് പൊലീസ് നടപടി.
ഇതിനിടെ ധന്യ ഹർഷിദിനെതിരെ നേരത്തെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2026 ജൂലൈയിൽ കാസർകോട് ദേശീയപാതയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതിനാണ് കുമ്പള പൊലീസ് കേസെടുത്തത്.
സംഭവത്തെ തുടർന്ന് ഓഗസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
ദേശീയപാതയിൽ അപകടകരമായ രീതിയിൽ ധന്യയുടെ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാൽ പൊലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.
തുടർന്ന് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽവെച്ച് പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിലെ പുതിയ കേസോടെ ധന്യ ഹർഷിദ് വീണ്ടും നിയമനടപടിയുടെ വലയത്തിലായിരിക്കുകയാണ്.















