കണ്ണൂര്‍: ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ആര്‍. രാജേഷിന്റെ (36) കുടുംബത്തിന് കൈത്താങ്ങായി ഒമാനിലെ തിരുവനന്തപുരം പ്രവാസി അസോസിയേഷന്‍. സ്വന്തം ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചാണ് സംഘടന കുടുംബത്തിന് സഹായവുമായി എത്തിയത്. ഇത്തവണത്തെ ഓണാഘോഷത്തിനായി മാറ്റിവെച്ച തുകയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് രാജേഷിന്റെ വീട്ടിലെത്തി സംഘടനാ സെക്രട്ടറി ദീപു ചന്ദ്രന്‍ രാജേഷിന്റെ ഭാര്യ ഷാഫിയയ്‌ക്ക് കൈമാറി.
സംഘടന ടീം കെയര്‍ കോഓര്‍ഡിനേറ്റര്‍ സജു ജോണ്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, ഗ്രാമപഞ്ചായത്തംഗം മഹേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ഓണക്കാലം വരെ നിര്‍ധനരായ പ്രദേശവാസികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുമൊപ്പം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും അവരോടൊപ്പം ഓണസദ്യയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നത് രാജേഷിന്റെ പതിവായിരുന്നു. ഇത്തവണ രാജേഷില്ലാത്ത ഓണം ഓണമല്ലെന്നാണ് നിറകണ്ണുകളോടെ നാട്ടുകാര്‍ പ്രതികരിച്ചത്.
ഓഗസ്റ്റ് ഒന്നിന് ശനിയാഴ്ച വൈകിട്ടായിരുന്നു രാജേഷിന്റെ ജീവനെടുത്ത ദുരന്തം. കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴയ്‌ക്കും ഇടയിലുള്ള മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിച്ച് കരയിലെത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രാജേഷ് സ്വന്തം ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചാണ് തുരുത്തിന് പുറത്തേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് കയറില്‍ പിടിച്ച് പുഴ കുറുകെ കടക്കുന്നതിനിടെ ഇക്കരെയെത്താറായപ്പോള്‍ കയറില്‍നിന്ന് പിടിവിട്ട് രാജേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തിക്കയറാന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
മീന്‍തുള്ളി വാട്ടര്‍ഫാള്‍സിലെ ഇന്‍സ്ട്രക്ടറായിരുന്ന രാജേഷ് അഡ്വഞ്ചര്‍ ടൂറിസം സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്ന നീന്തല്‍ വിദഗ്ധനായിരുന്നു.