ഓസ്ലോ: നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു. 89-ാം വയസിലായിരുന്നു അന്ത്യം. അപൂര്‍വമായ രക്തസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഓസ്ലോയിലെ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.35ഓടെയാണ് മരിച്ചതെന്ന് രാജകൊട്ടാരം അറിയിച്ചു. യൂറോപ്പില്‍ നിലവിലുണ്ടായിരുന്ന ഭരണാധികാരികളില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹരാള്‍ഡ് അഞ്ചാമന്‍. 35 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. പിതാവ് ഒലവ് അഞ്ചാമന്റെ മരണത്തെ തുടര്‍ന്ന് 1991ലാണ് ഹരാള്‍ഡ് നോര്‍വേയുടെ രാജാവായത്.
രാജവാഴ്ചയെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ഹരാള്‍ഡ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2024 മുതല്‍ അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ ഹോക്കോണ്‍ (53) ആണ് രാജകീയ ചുമതലകളില്‍ വലിയൊരു പങ്കും നിര്‍വഹിച്ചിരുന്നത്. ഹരാള്‍ഡിന്റെ നിര്യാണത്തോടെ ഹോക്കോണ്‍ നോര്‍വേയുടെ പുതിയ ഭരണാധികാരിയായി ചുമതലയേല്‍ക്കും. പാരമ്പര്യ രാജകീയ രീതികളില്‍ പലതും തിരുത്തിക്കുറിച്ച ഹരാള്‍ഡ് സാധാരണ കുടുംബത്തില്‍ നിന്നുള്ള സോന്‍ജയെ വിവാഹം കഴിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു.
ജനങ്ങളോട് അടുത്തുനിന്ന ഭരണാധികാരിയായിരുന്ന അദ്ദേഹത്തെ ‘ജനങ്ങളുടെ രാജാവ്’, രാജ്യത്തിന്റെ ‘മുത്തശ്ശന്‍’ എന്നീ വിശേഷണങ്ങളോടെയാണ് പലരും വിശേഷിപ്പിച്ചിരുന്നത്. പ്രിയപ്പെട്ട രാജാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കൊട്ടാരത്തിന് മുന്നിലേക്ക് ജനപ്രവാഹമാണ് എത്തുന്നത്. നിരവധി പേര്‍ പുഷ്പചക്രങ്ങളും പൂക്കളും അര്‍പ്പിച്ചു. നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഈ വര്‍ഷം ആദ്യം നോര്‍വേ സന്ദര്‍ശിച്ചപ്പോള്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയും മോദി അനുസ്മരിച്ചു.
രാജാവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, നോര്‍വേയിലെ ജനങ്ങളോടും രാജ്യത്തോടുമുള്ള ഹരാള്‍ഡിന്റെ ഊഷ്മളമായ സമീപനവും അഗാധമായ സേവനമനോഭാവവും തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് പറഞ്ഞു. രാജകുടുംബത്തിനും നോര്‍വേയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.