തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ തീരങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ കടലാക്രമണത്തിന് സാധ്യത. ആഗസ്റ്റ് 30 വൈകിട്ട് 5.30 മുതൽ ആഗസ്റ്റ് 31 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ്. 0.6 മുതൽ 1.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാനാണ് സാധ്യത.
തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം FH മുതൽ മറുവക്കാട് വരെയും തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമുള്ള തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണം.
കന്യാകുമാരി തീരത്തും ആഗസ്റ്റ് 31 രാത്രി 11.30 വരെ കള്ളക്കടൽ മുന്നറിയിപ്പുണ്ട്. ഇവിടെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് INCOIS അറിയിച്ചിരിക്കുന്നത്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള മേഖലകളിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തമാകുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്‌ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാൽ ഈ സമയങ്ങളിൽ രണ്ടും ഒഴിവാക്കണമെന്നാണ് നിർദേശം.
മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം ഉറപ്പാക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.















