മലപ്പുറം: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ഇസ്ലാമിക ആഘോഷങ്ങളുടെ ആത്മീയ താത്പര്യങ്ങൾക്ക് യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് എതിരാണെന്നാണ് റഹ്മത്തുള്ള സഖാഫിയുടെ നിലപാട്.
‘ഇസ്ലാമിക ആഘോഷങ്ങൾക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണ്’ എന്ന് സിറാജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ റഹ്മത്തുള്ള സഖാഫി പറഞ്ഞു.
ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ ചിലർ പെൺകുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തിലാണ് പണ്ഡിതന്മാർ പ്രത്യേക പ്രസ്താവന ഇറക്കിയതെന്നും സഖാഫി വിശദീകരിച്ചു. ഇത് മുസ്ലിം സമുദായത്തോട് അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ നൽകിയ നിർദേശം മാത്രമാണെന്നും അതിൽ ചിലർ അരിശം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും റഹ്മത്തുള്ള സഖാഫി പറഞ്ഞു.
പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ശാരീരികമായി കൂടുതൽ കരുത്തുണ്ട്. അതിനാൽ സ്ത്രീകൾക്ക് നേരെ ലൈംഗിക പീഡനത്തിന് സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് ശരീരം മുഴുവൻ മറയ്‌ക്കുന്ന വസ്ത്രം ധരിക്കാൻ ഖുറാൻ പറയുന്നത്.
ജനാധിപത്യമെന്നത് ഒരു ആശയത്തെ അതിന്റെ എല്ലാ തനിമയോടെയും നിലനിൽക്കാൻ അനുവദിക്കലാണെന്നും അല്ലാതെ തങ്ങളുടെ ഇഷ്ടാനുസരണം അതിനെ തല്ലിയൊതുക്കലല്ലെന്നും സഖാഫി പറഞ്ഞു. മാറ്റങ്ങളും പുരോഗമനങ്ങളും അക്ഷരങ്ങളിലോ പുറംപൂച്ചുകളിലോ അല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആന്തരികമായ ജീവിതസംസ്കാരത്തിലാണ് വികസിക്കേണ്ടതെന്നും റഹ്മത്തുള്ള സഖാഫി വ്യക്തമാക്കി.
സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരത്തിന്റെ പരാമർശവും തുടർന്ന് സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറും വലിയ രാഷ്‌ട്രീയ-സാംസ്കാരിക ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഖാഫിയുടെ വിശദീകരണം.















