കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നിര്‍ണായക നീക്കവുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.). മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍.) കെ.എം.ആര്‍.എല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കാണ് പുതിയ മെട്രോ പാത വിഭാവനം ചെയ്തിരിക്കുന്നത്. ആലുവ മുതല്‍ അങ്കമാലി വരെ 18 കിലോമീറ്ററാണ് പാതയുടെ ആകെ ദൈര്‍ഘ്യം. ഇതില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ ഭൂഗര്‍ഭപാതയായിരിക്കും.
പുതിയ പാതയില്‍ എത്ര സ്റ്റേഷനുകളുണ്ടാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഡി.പി.ആര്‍ പരിശോധിച്ച ശേഷം പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുകയാണ് അടുത്ത ഘട്ടം. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതിയാണ് പദ്ധതിക്ക് ഇനി ആവശ്യമായത്. നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്റര്‍ ദൂരത്തിലാണ് കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്.
കലൂരില്‍നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള മെട്രോ പാതയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഈ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം ഓഗസ്റ്റോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടം യാഥാര്‍ഥ്യമായാല്‍ തൃപ്പൂണിത്തുറയില്‍നിന്ന് മെട്രോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താനാകും. അങ്കമാലിയില്‍നിന്ന് പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നത്.
മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ ഇവരുടെ യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, കൊച്ചി മെട്രോയുടെ നാലാംഘട്ടത്തില്‍ കാക്കനാട്ടേക്ക് പാത നീട്ടണമെന്ന ആവശ്യവും ശക്തമാണ്. തൃപ്പൂണിത്തുറയില്‍നിന്ന് ഇരുമ്പനം വഴി കാക്കനാട്ടേക്ക് സര്‍ക്കുലര്‍ മെട്രോ പാത ഒരുക്കണമെന്ന നിര്‍ദേശവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.