തിരുവനന്തപുരം: മെസിയുടെയും അർജന്റീന ടീമിന്റെയും പേരിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമാണ് സർക്കാർ തേടിയിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ എസ്ഐടി രൂപീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്നതടക്കമുള്ള നിയമവശങ്ങളിലാണ് വ്യക്തത തേടിയത്.
നിയമോപദേശം ലഭിച്ച ശേഷം എസ്ഐടി രൂപീകരിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കാനാണ് സർക്കാർ നീക്കം. ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് നിയമോപദേശം തേടിയിരിക്കുന്നത്.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനായി സ്പോൺസറെ തെരഞ്ഞെടുത്തത് മുതലുള്ള നടപടിക്രമങ്ങളിൽ സുതാര്യതയില്ലായ്മയും സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കാനാണ് സർക്കാർ തീരുമാനം.
ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. അന്വേഷണത്തിന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് ആരോപണങ്ങൾ അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘത്തിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടിന്റെ സ്രോതസ്സിൽ അവ്യക്തതയുണ്ടോ തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുമെന്നാണ് വിവരം.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, സ്പോൺസർ തെരഞ്ഞെടുപ്പ്, സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ, നികുതി സംബന്ധമായ വിഷയങ്ങൾ എന്നിവ ഇതിനകം വിവാദമായിരുന്നു.
ജിഎസ്ടി അന്വേഷണ റിപ്പോർട്ടിനും നിയമോപദേശത്തിനും പിന്നാലെ എസ്ഐടി രൂപീകരിച്ച് വിശദമായ അന്വേഷണം ആരംഭിക്കാനാണ് സർക്കാർ നീക്കം. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ സംബന്ധിച്ച നിയമസ്ഥിതി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ലഭിച്ച ശേഷമാകും വ്യക്തമാകുക.













