കോഴിക്കോട്: പരിശോധനയ്‌ക്കെന്ന വ്യാജേന സ്പായിലെത്തി ജീവനക്കാരിയെ കൊണ്ട് സൗജന്യമായി മസാജ് ചെയ്യിക്കുകയും പിന്നാലെ പണം കൈക്കലാക്കുകയും ചെയ്ത പോലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ. മുഹമ്മദ് ഫാസിലിനെയാണ് കോഴിക്കോട് റൂറൽ പോലീസ് മേധാവി മെറിൻ ജോസഫ് അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
ഓഗസ്റ്റ് 14ന് വൈകീട്ടാണ് സംഭവത്തിന് തുടക്കമെന്നാണ് വിവരം. താമരശ്ശേരി അടിവാരത്ത് പ്രവർത്തിക്കുന്ന സ്പായിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയതാണെന്ന് പറഞ്ഞാണ് ഫാസിൽ എത്തിയത്. മഫ്തിയിലായിരുന്നു ഇയാൾ സ്പായിലെത്തിയത്.
തുടർന്ന് സ്പായിലെ വനിതാ ജീവനക്കാരിയെ കൊണ്ട് സൗജന്യമായി മസാജ് ചെയ്യിപ്പിച്ചതായാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന പേരിൽ പണം ആവശ്യപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്പായിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന തുക ജീവനക്കാർ പോലീസുകാരന് കൈമാറിയതായാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
പ്രധാനമായും, സ്വന്തം സ്റ്റേഷൻ പരിധിയിൽപോലുംപ്പെടാത്ത പ്രദേശത്തെ സ്ഥാപനത്തിലാണ് ഫാസിൽ പരിശോധനയുടെ പേരിൽ എത്തിയത്. താമരശ്ശേരി അടിവാരത്തെ സ്പായിലാണ് സംഭവം നടന്നത്. സംഭവസമയത്ത് ഇയാൾ അവധിയിലായിരുന്നുവെന്നതും നടപടിക്ക് പിന്നാലെ പുറത്തുവന്ന വിവരങ്ങളിൽ പ്രധാനമാണ്.
പോലീസ് ഉദ്യോഗസ്ഥന്റെ അധികാരം ദുരുപയോഗം ചെയ്ത് പരിശോധനയുടെ പേരിൽ സ്ഥാപനത്തിലെത്തുകയും ജീവനക്കാരിയിൽ നിന്ന് സൗജന്യ സേവനം സ്വീകരിക്കുകയും പണം കൈക്കലാക്കുകയും ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
സംഭവത്തിൽ കൂടുതൽ ക്രമക്കേടുകളുണ്ടായിട്ടുണ്ടോയെന്നും പോലീസുകാരൻ സമാനമായ രീതിയിൽ മറ്റ് സ്ഥാപനങ്ങളിൽ ഇടപെട്ടിട്ടുണ്ടോയെന്നും വിശദ അന്വേഷണത്തിൽ പരിശോധിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.













