ന്യൂഡല്‍ഹി: ഭൂഖണ്ഡങ്ങളുടെ വലുപ്പം കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുകയും ലോകത്തിന്റെ വിവിധ പ്രദേശങ്ങള്‍ക്ക്, പ്രത്യേകിച്ച് ആഫ്രിക്കയ്‌ക്ക്, തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ലക്ഷ്യമിടുന്ന ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘ഭൂപടം ശരിയാക്കുക: ആഗോള കാര്‍ട്ടോഗ്രാഫിക് പ്രാതിനിധ്യം പുനഃസന്തുലിതമാക്കുകയും ലോക പ്രദേശങ്ങളുടെ തുല്യ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക’ എന്ന പ്രമേയത്തിനാണ് സെപ്റ്റംബര്‍ 4ന് ഇന്ത്യ പിന്തുണ നല്‍കിയത്.
എന്നാല്‍ പ്രമേയത്തിന് പിന്തുണ നല്‍കിയതുകൊണ്ട് ഏതെങ്കിലും പ്രത്യേക ലോകഭൂപടത്തെയോ ഭൂപട പ്രൊജക്ഷനെയോ ഇന്ത്യ അംഗീകരിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിന് അനുസൃതമായി ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പരമാധികാര പ്രദേശം കൃത്യമായി ചിത്രീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
തുല്യ-വിസ്തീര്‍ണ്ണ ഭൂപട പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുകയെന്ന അടിസ്ഥാന തത്വത്തെ പിന്തുണച്ചാണ് ഇന്ത്യ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ ഏതെങ്കിലും ഭൂപടത്തില്‍ ഇന്ത്യയുടെ പ്രദേശങ്ങള്‍ തെറ്റായോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജയ്സ്വാള്‍ വ്യക്തമാക്കി. ‘ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും കുറിച്ചുള്ള നിലപാട് വ്യക്തവും സ്ഥിരതയുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമാണ്’ എന്നും അദ്ദേഹം പറഞ്ഞു. ഭൂഖണ്ഡങ്ങളുടെ ആപേക്ഷിക വലുപ്പം കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്ന തുല്യ-വിസ്തീര്‍ണ്ണ ഭൂപട പ്രൊജക്ഷനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎന്‍ പ്രമേയത്തിന്റെ ലക്ഷ്യമെന്ന് ജയ്സ്വാള്‍ വിശദീകരിച്ചു.
അതേസമയം, ഏതെങ്കിലും പ്രത്യേക ലോകഭൂപടം സ്വീകരിക്കുകയോ ഔദ്യോഗികമായി അംഗീകരിക്കുകയോ ചെയ്യുന്നതല്ല പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്‌ട്ര അതിര്‍ത്തികള്‍, തര്‍ക്കപ്രദേശങ്ങള്‍, സ്ഥലനാമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ കാര്‍ട്ടോഗ്രഫിയെ പ്രമേയം അഭിസംബോധന ചെയ്യുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.