തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന പ്രചാരണം തള്ളി കെ ജയകുമാർ. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും പ്രസിഡന്റ് എന്ന നിലയിൽ കാലാവധി പൂർത്തിയാക്കുമെന്നും കെ ജയകുമാർ വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനുമായുള്ളത് പറഞ്ഞുതീർക്കേണ്ട വിഷയങ്ങൾ മാത്രമാണെന്നും കെ ജയകുമാർ പ്രതികരിച്ചു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണമാണെന്നും വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോഴൊക്കെ നിരാശയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രിക്കും ബോർഡിനും ഇടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും കെ ജയകുമാർ വ്യക്തമാക്കി. ആശയങ്ങൾ കൈമാറുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അത് പരസ്പരം പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിച്ച് മന്ത്രി കെ മുരളീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവോണ ദിവസം ഒരേ പന്തിയിൽ രണ്ട് സദ്യ വിളമ്പിയ സംഭവത്തെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ പരസ്യ വിമർശനം.
ബോർഡിന്റെ പ്രവർത്തനത്തിൽ തനിക്ക് സംതൃപ്തിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് കെ ജയകുമാർ രാജിവെക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ താൻ രാജിവെക്കില്ലെന്നും കാലാവധി പൂർത്തിയാക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. മന്ത്രിയുമായുള്ള വിഷയങ്ങൾ ആശയവിനിമയത്തിലൂടെ പരിഹരിക്കാവുന്നതാണെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി.















