ദുബായ്: ഇന്ത്യ-പാകിസ്ഥാന്‍ വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ഷഫാലി വര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനപരമായ ആംഗ്യം കാണിച്ച പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയ്‌ക്കെതിരെ ഐസിസിയുടെ നടപടി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനത്തിന് ഫാത്തിമയ്‌ക്ക് മാച്ച് ഫീസിന്റെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലാണ് സംഭവം. ഷഫാലി വര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ ഫാത്തിമ, താരത്തോട് പുറത്തേക്കുള്ള വഴി കാണിക്കുന്ന തരത്തില്‍ ആംഗ്യം കാണിക്കുകയായിരുന്നു. ബാറ്റര്‍ പുറത്തായതിന് ശേഷം അവരെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റം വിലക്കുന്ന ഐസിസി കോഡ് ഓഫ് കണ്ടക്ട് ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് നടപടി.
കഴിഞ്ഞ 24 മാസത്തിനിടെ ഫാത്തിമ സന നടത്തുന്ന രണ്ടാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. ഇതോടെ താരത്തിന്റെ ആകെ ഡീമെറിറ്റ് പോയിന്റ് രണ്ടായി. എമിറേറ്റ്സ് ഐസിസി ഇന്റര്‍നാഷണല്‍ പാനല്‍ മാച്ച് റഫറി സുപ്രിയ ദാസ് നിര്‍ദേശിച്ച ശിക്ഷ ഫാത്തിമ അംഗീകരിച്ചതോടെ ഔദ്യോഗിക വാദം കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് ഐസിസി അറിയിച്ചു. ലെവല്‍ 1 ലംഘനങ്ങള്‍ക്ക് പരമാവധി 50 ശതമാനം മാച്ച് ഫീസ് പിഴ, ഔദ്യോഗിക താക്കീത്, ഒന്ന് മുതല്‍ രണ്ട് വരെ ഡീമെറിറ്റ് പോയിന്റുകള്‍ എന്നിവയാണ് സാധാരണയായി ലഭിക്കുക.