ടെഹ്‌റാന്‍: ഇന്ത്യയുമായുള്ള ദീര്‍ഘകാല സൗഹൃദവും നാഗരിക ബന്ധവും കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍. വ്യാപാര-സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ സഹകരണവും ശക്തമാക്കാനാണ് ടെഹ്‌റാന്റെ നീക്കം. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇന്ത്യയിലെത്താനിരിക്കെയാണ് ഇറാന്റെ നിര്‍ണായക പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പെസെഷ്‌കിയാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള ബന്ധത്തിന് ഇറാന്‍ നല്‍കുന്ന പ്രാധാന്യം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഇന്ത്യയുമായുള്ള ബന്ധം ദീര്‍ഘകാലവും ചരിത്രപരവും നാഗരികവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി പറഞ്ഞു. വ്യാപാരവും സാമ്പത്തിക സഹകരണവുമാണ് പ്രധാന മേഖലകളെന്നും അദ്ദേഹം വ്യക്തമാക്കി. ”പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും തുടരാന്‍ ബ്രിക്‌സ് ഉച്ചകോടി നല്‍കുന്ന അവസരം തീര്‍ച്ചയായും ഉപയോഗിക്കും”, ബഗായി പറഞ്ഞു. എസ്സിഒയിലും ബ്രിക്‌സിലും അംഗമായ ഇന്ത്യയ്‌ക്ക് ആഗോള ബഹുമുഖ വേദികളില്‍ നിര്‍ണായക പങ്കുണ്ടെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ-ഇറാന്‍ ബന്ധത്തില്‍ ചാബഹാര്‍ തുറമുഖം നിര്‍ണായക വിഷയമായി തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനകളില്‍ ചാബഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ പതിവായി ചര്‍ച്ച ചെയ്യാറുണ്ടെന്ന് ബഗായി പറഞ്ഞു.
പ്രാദേശിക ബന്ധിപ്പിക്കല്‍, ചരക്കുനീക്കം, വ്യാപാരപാതകള്‍ എന്നിവയില്‍ ചാബഹാറിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്. അതിനാല്‍ പെസെഷ്‌കിയാന്റെ ഇന്ത്യാ സന്ദര്‍ശനത്തിലും തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാന പരിഗണനയിലുണ്ടാകുമെന്നാണ് സൂചന. ബിഷ്‌കെക്കിലെ കൂടിക്കാഴ്ചയിലും സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിന് ഇന്ത്യ പ്രാധാന്യം നല്‍കിയിരുന്നു. ഇറാനുമായുള്ള ദീര്‍ഘകാല സൗഹൃദം വിവിധ മേഖലകളില്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ വിപുലീകരിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യണമെന്നാണ് ഇന്ത്യയുടെ നിലപാട്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കിയിരുന്നു. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം സ്വതന്ത്രമായ നാവിഗേഷനും വാണിജ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന് പുതിയ സാമ്പത്തിക-തന്ത്രപ്രധാന മേഖലകള്‍ കണ്ടെത്തുന്നതിനുള്ള വേദിയായി പെസെഷ്‌കിയാന്റെ സന്ദര്‍ശനം മാറുമെന്നാണ് പ്രതീക്ഷ.