ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

Published by
ജനം വെബ്‌ഡെസ്ക്

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ ശക്തമായ അഗ്‌നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ അനക് ക്രാക്കത്തോവ അഗ്‌നിപര്‍വതത്തില്‍ രാത്രിയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് വന്‍തോതില്‍ പുകപടലങ്ങള്‍ വ്യാപിച്ചതോടെയാണ് വിമാനത്താവളങ്ങള്‍ അടച്ചത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഏകദേശം 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.

ജക്കാര്‍ത്തയിലെ രണ്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ലാംപങ്, വെസ്റ്റ് ജാവ തുടങ്ങിയ പ്രവിശ്യകളിലെ വിമാനത്താവളങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കാനാകുമെന്ന് നിലവില്‍ വ്യക്തമല്ലെന്ന് ഗതാഗതമന്ത്രി ദുഡി പുര്‍വഗന്ധി അറിയിച്ചു. ആകെ എട്ട് വിമാനത്താവളങ്ങളിലായി 1,558 വിമാന സര്‍വീസുകള്‍ വൈകിയതായും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. അഗ്‌നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുള്ള സ്വാഭാവിക ദുരന്തമായതിനാല്‍ യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങളുണ്ടായില്ലെന്നും അധികൃതര്‍ അറിയിച്ചു.

ജക്കാര്‍ത്തയിലെ സ്‌കൂളുകളില്‍ തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതത്തെയും നിയന്ത്രണങ്ങള്‍ ബാധിച്ചു. ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ അഗ്‌നിപര്‍വതത്തില്‍ നിന്ന് ലാവ പുറത്തേക്ക് ഒഴുകിയിരുന്നു. കിലോമീറ്ററുകള്‍ അകലെ വരെ വലിയ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാത്രിയും സ്ഫോടനങ്ങള്‍ തുടര്‍ന്നു. വരുംദിവസങ്ങളിലും കൂടുതല്‍ സ്ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് അഗ്‌നിപര്‍വത നിരീക്ഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.

ജാവയെയും സുമാത്രയെയും വേര്‍തിരിക്കുന്ന കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഗ്‌നിപര്‍വതത്തിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റര്‍ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലേക്ക് യാതൊരു തരത്തിലുള്ള യാനങ്ങളും പ്രവേശിക്കരുതെന്ന് പ്രാദേശിക തുറമുഖ അതോറിറ്റി നിര്‍ദേശം നല്‍കി.

Share