തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. മഴക്കുറവും ഉയര്‍ന്ന താപനിലയും മൂലം വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചതാണ് പ്രധാന കാരണം. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയര്‍ന്നതോടെ പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്തതും പ്രതിസന്ധിക്ക് കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി. ദേശീയതലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് പൂര്‍ണമായി പരിഹരിക്കപ്പെടാത്ത സാഹചര്യവും തുടരുകയാണ്. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.30ന് സംസ്ഥാനത്തെ അനിയന്ത്രിത വൈദ്യുതി ഡിമാന്‍ഡ് 5349 മെഗാവാട്ട് രേഖപ്പെടുത്തി. സാധാരണ വേനല്‍ക്കാലത്ത് രേഖപ്പെടുത്തുന്ന ഡിമാന്‍ഡിന് തുല്യമായ നിലയാണിത്. മുന്‍ വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ വൈദ്യുതി ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഏകദേശം 1100 മെഗാവാട്ട് വരെ അധിക ഉപഭോഗമാണ് രേഖപ്പെടുത്തുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. മധ്യപ്രദേശില്‍നിന്ന് കൈമാറ്റക്കരാര്‍ വഴി ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ല. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് പുറമെ 200 മെഗാവാട്ടിന്റെ അധിക കുറവ് കൂടി നേരിടേണ്ടിവരും.
ഇതോടെ സംസ്ഥാനത്ത് ഇന്ന് ഏകദേശം 900 മുതല്‍ 1000 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. വൈദ്യുതി ലഭ്യതയിലെ കുറവ് തുടര്‍ന്നാല്‍ സാഹചര്യത്തിനനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.















