കൊല്ലം: അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതുജീവന്‍ വഴിയൊരുക്കി യുവ സൈനികന് യാത്രയായി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് മരണത്തിലും മാതൃകയായത്. ഹിമാചല്‍പ്രദേശില്‍ സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന രാഹുല്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ചികിത്സയ്ക്കായി തിരുവനന്തപുരത്തെ എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
മരണാനന്തര അവയവദാനത്തിനായി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. മകന്റെ വിയോഗത്തിന്റെ വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വുകള്‍, ത്വക്ക്, നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഇതിലൂടെ ഏഴ് പേര്‍ക്ക് പുതുജീവന്‍ വഴിയൊരുങ്ങും. രാഹുലിന്റെ വൃക്കകള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്ക് നല്‍കും. കരള്‍ കിംസ് ആശുപത്രിയിലെ രോഗിക്ക് മാറ്റിവയ്ക്കും.
ഹൃദയ വാല്‍വുകള്‍ ശ്രീചിത്ര ആശുപത്രിയിലേക്ക് നല്‍കും. ത്വക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്ക് നല്‍കും. നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും എത്തിക്കും. സ്വന്തം വിയോഗത്തിലും മറ്റുള്ളവര്‍ക്ക് ജീവിതം നല്കുന്ന രാഹുല്‍ രാജീവിന്റെ തീരുമാനം സമൂഹത്തിന് മാതൃകയാവുകയാണ്.















