ന്യൂഡല്‍ഹി: ഇന്ത്യയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ആദ്യദിനം തന്നെ നിര്‍ണായക തീരുമാനങ്ങളോടെ. ‘ന്യൂഡല്‍ഹി പ്രഖ്യാപനം 2026’ അംഗരാജ്യങ്ങള്‍ ഐകകണ്‌ഠേന അംഗീകരിച്ചു. ഒരു രാജ്യവും എതിര്‍പ്പ് ഉന്നയിക്കാതെ പൂര്‍ണ സമവായത്തോടെയാണ് പ്രഖ്യാപനം പാസാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ വിവിധ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ സമവായം സാധ്യമാക്കിയതിനെ ഇന്ത്യയുടെ പ്രധാന നയതന്ത്ര നേട്ടമായാണ് വിലയിരുത്തുന്നത്. ബ്രിക്സിന്റെ 20-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക തപാല്‍ സ്റ്റാമ്പുകളും പ്രധാനമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.
ബ്രിക്സ് രാജ്യങ്ങള്‍ക്കിടയില്‍ കുറഞ്ഞ ചെലവിലും വേഗത്തിലും അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സാധ്യമാക്കുന്നതിനും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ തുടരാനും ധാരണയായി. ബ്രിക്സ് പേയ്മെന്റ് ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലായിരിക്കും തുടര്‍ ചര്‍ച്ചകള്‍. ഉച്ചകോടിയുടെ സമാപന പ്രസംഗത്തില്‍ ആഗോള ഭരണസംവിധാനത്തിലെ പരിഷ്‌കരണത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടി. മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തെ നയിക്കാന്‍ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കഴിയില്ല എന്നായിരുന്നു മോദിയുടെ നിലപാട്. അന്താരാഷ്‌ട്ര സ്ഥാപനങ്ങളിലെ പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിര്‍മാണ സംവിധാനം എന്നിവയില്‍ അടിയന്തര പരിഷ്‌കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ആനുകൂല്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള നിലവിലെ സംവിധാനത്തെ കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പ്ലാറ്റ്ഫോമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.















