പത്തനംതിട്ട: അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം. മണക്കാല അന്തിച്ചിറ തുവയൂര്‍ വടക്ക് കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ മേല്‍ശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ഓഫീസ് മുറിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും ഉള്‍പ്പെടെയുള്ളവ മോഷ്ടാക്കള്‍ കവര്‍ന്നു. ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച എട്ട് സ്വര്‍ണത്താലികളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിലെ 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനായി രണ്ട് ഡിവിആറുകളും മോഷ്ടാക്കള്‍ കൊണ്ടുപോയി. അതേസമയം, മോഷ്ടാക്കള്‍ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്ര ഭാരവാഹികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന ശക്തമാക്കി.















