കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി സി. അജ്മല്‍ (32), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനിയും നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ പി. സൂര്യ (23) എന്നിവരെയാണ് പൊലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. മേയ് ഒന്‍പതിന് പന്തീരാങ്കാവ് കാപ്‌കോണ്‍ സിറ്റിക്ക് സമീപം സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് അര്‍ഷലാല്‍ (25), ആദില്‍ഷാ (20), മുഹമ്മദ് ഫര്‍ഹാന്‍ (22) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ ഡല്‍ഹിയില്‍ നിന്നാണ് ലഹരിമരുന്ന് കേരളത്തിലെത്തിക്കുന്നതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ഫ്‌ലാറ്റില്‍ നിന്ന് അജ്മലിനെയും സൂര്യയെയും പിടികൂടിയത്. ലഹരിമരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ സ്‌കെയില്‍, പാക്കിങ് സാമഗ്രികള്‍, 5,000ലധികം സിപ്പ് ലോക്ക് കവറുകള്‍, കറന്‍സി നോട്ട് എണ്ണുന്ന യന്ത്രം, നിരവധി എടിഎം കാര്‍ഡുകള്‍, പാക്കിങ് സീലര്‍ എന്നിവ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഫ്‌ലാറ്റ് സൂര്യയുടെ പേരിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെവച്ച് ഓരോ ആഴ്ചയും ഏകദേശം 10 കിലോയിലധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വില്‍പ്പന നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനങ്ങളില്‍ രഹസ്യമായി ലഹരിമരുന്ന് ഒളിപ്പിച്ച് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിച്ചിരുന്നതായും അന്വേഷണ സംഘം പറഞ്ഞു.
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎയും ഇവര്‍ വിതരണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. അജ്മലിനെതിരെ മലപ്പുറം ജില്ലയിലും കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ എ. നിതിന്‍, എസ്ഐ അര്‍ജുന്‍ അജിത്, ഫറോക്ക് എസിപി സ്‌ക്വാഡ് അംഗങ്ങളായ സബീഷ്, അഖില്‍ ബാബു, ഡാന്‍സാഫ് അംഗങ്ങളായ അതുല്‍, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി.