ഗുവാഹാട്ടി: അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചതായി പൊലീസ്. ഗുവാഹാട്ടി സ്വദേശി രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. വൈദ്യപരിശോധനയ്‌ക്കുശേഷം ആശുപത്രിയില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. പൊലീസുകാരെ ആക്രമിച്ച ശേഷം വാഹനത്തില്‍ നിന്ന് ചാടി കൊക്കയിലേക്ക് വീണെന്നാണ് പൊലീസ് വിശദീകരണം.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഹട്ടിഗാവ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം പ്രകാരം, സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ ഗോസ്വാമി പെട്ടെന്ന് അക്രമാസക്തനാകുകയും നരകാസുര പര്‍വതപ്രദേശത്തിന് സമീപമുള്ള കൊക്കയിലേക്ക് ചാടുകയുമായിരുന്നു. ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
അതേസമയം, ഗോസ്വാമിയുടെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. മൃതദേഹം ഏറ്റുവാങ്ങാനും കുടുംബം തയ്യാറായിട്ടില്ല. ഭാര്യ റിയ താലുദാറിന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഗോസ്വാമിയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. ഇതോടെ ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. ഭാര്യയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഗോസ്വാമി റിയയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്. സെപ്റ്റംബര്‍ മൂന്നിന് ഗുവാഹാട്ടിയിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. പിന്നീട് മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫ്‌ലാറ്റില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഗോസ്വാമി സെപ്റ്റംബര്‍ ആറിന് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്നും മാപ്പുപറയുന്നില്ലെന്നും ഗോസ്വാമി പറഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം.
ഗോസ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കുടുംബം ഉന്നയിച്ച ആരോപണങ്ങളും പരിശോധിച്ചുവരികയാണ്.















