ന്യൂഡല്‍ഹി: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മോട്ടോര്‍വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സീറ്റ് ബെല്‍റ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍, നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴയുടെ രേഖകള്‍ എന്നിവ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം. മലയാളിയായ ഡോക്ടര്‍ ജ്യോതിദേവ് കേശവദേവ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പേരിന് മാത്രം ചെയ്യേണ്ട നടപടിക്രമമല്ലെന്നും ജീവന്‍രക്ഷാ സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമം നടപ്പാക്കേണ്ടവര്‍ക്ക് ഇതില്‍ നിന്ന് കണ്ണടച്ചുനില്‍ക്കാനാകില്ലെന്നും നിയമം കര്‍ശനമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് വാഹനാപകടങ്ങളിലെ മരണത്തിന് കാരണമാകുന്നുണ്ടെന്ന് ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വില്‍സ് മാത്യു കോടതിയെ അറിയിച്ചു.
2005 മുതല്‍ കര്‍ശന നിയമം നിലവിലുണ്ടെങ്കിലും പിന്‍സീറ്റിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം ഇപ്പോഴും വളരെ കുറവാണെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2024ലെ വാഹനാപകട മരണങ്ങളില്‍ 80 ശതമാനത്തിലും മരിച്ചവരില്‍ സീറ്റ് ബെല്‍റ്റ് ഉണ്ടായിരുന്നില്ലെന്നാണ് കോടതിയെ അറിയിച്ചത്. പിന്‍സീറ്റ് യാത്രക്കാരില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരുടെ എണ്ണം അഞ്ച് ശതമാനം മാത്രമാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. നിയമം നിലവിലുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നതിലാണ് പ്രധാന വീഴ്ചയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.