ഗുരുഗ്രാം: ഗോള്‍ഫ് കോഴ്സ് റോഡില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ കാര്‍ ഇടിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഡ്രൈവര്‍ കല്യാണ്‍ ബൈന്‍സ്ലയെയാണ് രാജസ്ഥാനിലെ ദൗസയില്‍ നിന്ന് ഗുരുഗ്രാം പൊലീസ് പിടികൂടിയത്. പ്രതിയെ ഗുരുഗ്രാമിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ മൂന്ന് പൊലീസ് സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. ഇതിലൊരു സംഘം രാജസ്ഥാനിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബൈന്‍സ്ലയെ പിടികൂടിയത്.
സംഭവത്തില്‍ നേരത്തെ ഭാരതീയ ന്യായ സംഹിതയിലെ 281ാം വകുപ്പ് (അശ്രദ്ധമായ ഡ്രൈവിങ്), 125-ാം വകുപ്പ് (പരിക്കേല്‍പ്പിക്കല്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷം വധശ്രമവുമായി ബന്ധപ്പെട്ട 109-ാം വകുപ്പും കേസില്‍ ചേര്‍ത്തതായി പൊലീസ് അറിയിച്ചു. ഗോള്‍ഫ് കോഴ്സ് റോഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സിയയുടെ വാഹനത്തില്‍ പിന്നില്‍ നിന്ന് കാര്‍ ഇടിച്ചതായാണ് പൊലീസ് പറയുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഗുരുഗ്രാം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ സെപ്റ്റംബര്‍ 14ന് വീഡിയോ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സെക്ടര്‍ 56 പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സംഭവത്തില്‍ വധശ്രമക്കുറ്റം ചുമത്തണമെന്ന് സിയയുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതി മനഃപൂര്‍വം കാര്‍ ഉപയോഗിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് അന്വേഷണം വൈകുന്നതിലും കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ സിയയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ലെന്നും വൈറല്‍ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ നടപടി സ്വീകരിച്ചതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്ന തരത്തിലുള്ള നടപടികള്‍ അനുവദിക്കില്ലെന്ന് ഗുരുഗ്രാം പൊലീസ് വ്യക്തമാക്കി. ലഭ്യമായ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രതിക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും പൊലീസ് അറിയിച്ചു.















