ന്യൂഡൽഹി: രാജ്യത്തിനായി ധീരമായ സേവനം അനുഷ്ഠിച്ച സൈനികർക്കായി കേന്ദ്രസർക്കാരിന്റെ സുപ്രധാന തീരുമാനം. സേനാ മെഡൽ, നാവികസേനാ മെഡൽ, വായുസേനാ മെഡൽ എന്നീ ഗാലൻട്രി പുരസ്കാരങ്ങൾ നേടിയവർക്ക് ഇന്ത്യൻ റെയിൽവേയിൽ ആജീവനാന്തം സൗജന്യ യാത്രാ സൗകര്യം അനുവദിച്ചു.
പുരസ്കാര ജേതാക്കൾക്ക് ഫസ്റ്റ് ക്ലാസ്, സെക്കൻഡ് എസി (2AC), എസി ചെയർ കാർ എന്നിവയിൽ സൗജന്യമായി യാത്ര ചെയ്യാം. കൂടാതെ ഒരു സഹയാത്രികനെയും സൗജന്യമായി ഒപ്പം കൊണ്ടുപോകാം.
ആനുകൂല്യം പുരസ്കാര ജേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബാധകമാണ്. ജേതാവിന്റെ ജീവിതപങ്കാളിക്കും ഈ സൗകര്യം ലഭിക്കും. പുരസ്കാര ജേതാവ് മരിച്ചാൽ ഭാര്യയോ ഭർത്താവോ പുനർവിവാഹം ചെയ്യുന്നതുവരെ ആനുകൂല്യം തുടരാം. മരണാനന്തരമായി പുരസ്കാരം ലഭിച്ച വ്യക്തി അവിവാഹിതനായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും ആജീവനാന്ത സൗജന്യ റെയിൽ യാത്രാ സൗകര്യത്തിന് അർഹതയുണ്ടാകും.
രാജ്യസുരക്ഷയ്‌ക്കായി സൈനികർ നടത്തിയ ധീരമായ സേവനത്തിനുള്ള അംഗീകാരമായാണ് പുതിയ ആനുകൂല്യം. സൈനിക ക്ഷേമത്തിനും വിരമിച്ച സൈനികരുടെ പുനരധിവാസത്തിനുമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിവിധ നടപടികളുടെ ഭാഗമായാണ് റെയിൽ യാത്രാ സൗകര്യവും പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനുപുറമെ, സൈനികരും അഗ്നിവീറുകളും വിരമിച്ച ശേഷം തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങളിലേക്ക് കടക്കുന്നതിന് സഹായിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയും കരസേനയും ഫ്രെം വർക്ക് കോർപ്പറേഷനും ആരംഭിച്ചിട്ടുണ്ട്.














