മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ-സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി ബോളിവുഡ് താരങ്ങൾ. അലിയ ഭട്ടും ഭർത്താവ് രൺബീർ കപൂറും 20 സ്കൂളുകൾ നവീകരിക്കാൻ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ, 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകുമെന്ന് രൺവീർ സിംഗും അറിയിച്ചു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായാണ് താരങ്ങളുടെ പ്രഖ്യാപനം. ഒരു മാസം നീളുന്ന ക്യാമ്പയിനിൽ വിവിധ പൊതുസേവന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
20 സ്കൂളുകളുടെ നവീകരണത്തിന് അലിയ-രൺബീർ
പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് അലിയ ഭട്ട് സാമൂഹ്യമാധ്യമത്തിലൂടെ താനും രൺബീറും നടത്തുന്ന സേവനപ്രവർത്തനം പ്രഖ്യാപിച്ചത്. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) നിർദേശപ്രകാരം കണ്ടെത്തുന്ന 20 സ്കൂളുകളുടെ നവീകരണത്തിനാണ് ദമ്പതികൾ പിന്തുണ നൽകുക. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അലിയ വ്യക്തമാക്കി. സ
1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് രൺവീർ
മുംബൈയിലെ ലാൽബാഗ്ചാ രാജ പന്തൽ സന്ദർശിച്ചതിന് പിന്നാലെയാണ് രൺവീർ സിംഗ് പ്രഖ്യാപനം നടത്തിയത്. സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുമെന്ന് താരം അറിയിച്ചു.
ഗണേശ ചതുർഥിയോടും പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തോടും ചേർത്താണ് ഈ സേവനപ്രവർത്തനത്തെ രൺവീർ അവതരിപ്പിച്ചത്. കുടുംബത്തിന് സന്തോഷകരമായ ഒരു വർഷമായിരുന്നുവെന്നും വരും ദിവസങ്ങൾക്കായി അനുഗ്രഹം തേടിയാണ് ലാൽബാഗ്ചാ രാജയെ സന്ദർശിച്ചതെന്നും താരം പറഞ്ഞു.
മോദിക്ക് ആശംസകളുമായി ബോളിവുഡ് താരങ്ങൾ
പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകളുമായി സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, മോഹൻലാൽ, കങ്കണ റണാവത്ത്, ജാക്കി ഷ്റോഫ് തുടങ്ങിയ താരങ്ങളും സാമൂഹ്യമാധ്യമങ്ങളിലെത്തി.
പ്രധാനമന്ത്രിയുടെ ജന്മദിനവും പൊതുജീവിതത്തിലെ 25 വർഷവും പ്രമേയമാക്കി സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് അഭിയാൻ ഒരു മാസം നീണ്ടു നിൽക്കും. വിവിധ പൊതുസേവന പ്രവർത്തനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്.















