കാര്‍ഡിഫ്: ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ജോസ് ബട്ലര്‍. ടി20 ക്രിക്കറ്റില്‍ 15,000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്ററായി ബട്ലര്‍ മാറി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് താരം ഈ അപൂര്‍വ നേട്ടത്തിലെത്തിയത്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും ഇതോടെ ബട്ലര്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കീറോണ്‍ പൊള്ളാര്‍ഡിന്റെ 14,999 റണ്‍സാണ് ബട്ലര്‍ മറികടന്നത്. 528 മത്സരങ്ങളില്‍നിന്നാണ് ബട്ലര്‍ 15,000 റണ്‍സ് നേടിയത്. 35.46 ശരാശരിയും 147.46 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ഒന്‍പത് സെഞ്ചുറികളും 107 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
ശ്രീലങ്കന്‍ ബൗളര്‍ ഈഷാന്‍ മാലിംഗ എറിഞ്ഞ അഞ്ചാം ഓവറില്‍ സിംഗിള്‍ നേടിയാണ് ബട്ലര്‍ 15,000 റണ്‍സ് ക്ലബിലെത്തിയത്. ഇംഗ്ലണ്ട്, ലങ്കാഷയര്‍, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, സോമര്‍സെറ്റ്, പാള്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സിഡ്‌നി തണ്ടര്‍, കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, ഇംഗ്ലണ്ട് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്കായാണ് ബട്ലര്‍ ടി20 ക്രിക്കറ്റ് കളിച്ചിട്ടുള്ളത്.
754 മത്സരങ്ങളില്‍നിന്ന് 31.71 ശരാശരിയില്‍ 14,999 റണ്‍സാണ് പൊള്ളാര്‍ഡിന്റെ സമ്പാദ്യം. ബട്ലര്‍ റെക്കോര്‍ഡ് മറികടന്നതോടെ ടി20 ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും താരം ഒന്നാമതെത്തി. മത്സരത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് അപ്രാപ്യമായ ലീഡ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 12.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
ശ്രീലങ്കയ്‌ക്കെതിരായ ടി20യിലെ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ 14-ാം ജയമാണിത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഡോസണാണ് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ശനിയാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.















