കോട്ടയം: ടോമിൻ ജെ. തച്ചങ്കരിയുമായി ബന്ധപ്പെട്ട ‘വി.ഐ.പി. കത്ത്’ വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. തച്ചങ്കരിയെ നേരത്തെ മുതൽ അറിയാമെന്നും എന്നാൽ അദ്ദേഹത്തിനുവേണ്ടി 2011ൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ശുപാർശക്കത്ത് നൽകിയതായി ഓർമയില്ലെന്നുമാണ് പി.ജെ. കുര്യൻ പറയുന്നത്. കേസുകളുമായി ബന്ധപ്പെട്ട് താൻ സാധാരണയായി ഇത്തരത്തിലുള്ള ശുപാർശക്കത്തുകൾ നൽകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്നത്തെ രാജ്യസഭാംഗങ്ങളിൽ മറ്റാരെങ്കിലും തച്ചങ്കരിക്കായി കത്ത് നൽകിയിരുന്നോ എന്ന് അന്വേഷിച്ചുനോക്കുമെന്നും പി.ജെ. കുര്യൻ പറഞ്ഞു. കത്ത് നൽകിയെന്നോ നൽകിയില്ലെന്നോ തനിക്ക് ഓർമയില്ലെന്നും തച്ചങ്കരിയെ നേരിട്ട് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. കേസിൽ ഇടപെടണമെന്ന് തച്ചങ്കരി തന്നോട് ആവശ്യപ്പെട്ടതായി ഓർമയില്ലെന്നും കുര്യൻ വ്യക്തമാക്കി.
ടോമിൻ തച്ചങ്കരിക്കെതിരായ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് തൊട്ടുമുമ്പ് അസാധാരണമായ ഇടപെടൽ നടന്നതിന്റെ സൂചന നൽകുന്ന രേഖയാണ് കഴിഞ്ഞ ദിവസം കോട്ടയം വിജിലൻസ് കോടതി പുറത്തുവിട്ടത്. 2011 മേയ് 25ന് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഒരു രാജ്യസഭാംഗം നൽകിയ കത്തിലാണ് തച്ചങ്കരിക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാഗം കൂടി കേൾക്കണമെന്നും നിവേദനം സമർപ്പിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നത്.
കത്തിൽ ‘Highly Confidential’ എന്ന് രേഖപ്പെടുത്തിയിരുന്നു. ‘Dear Shri Pillai ji’ എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. എന്നാൽ കത്ത് നൽകിയ രാജ്യസഭാംഗത്തിന്റെ പേര് കോടതി പുറത്തുവിട്ട രേഖയിൽ വെളിപ്പെടുത്തിയിരുന്നില്ല.
കേസിന്റെ വിചാരണയ്‌ക്കിടെ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കം തച്ചങ്കരി കോട്ടയം വിജിലൻസ് കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് പ്രോസിക്യൂഷൻ സാക്ഷിയായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയോട് ബന്ധപ്പെട്ട ഫയലുകളുമായി കോടതിയിൽ ഹാജരാകാൻ നിർദേശം നൽകി. ഈ ഫയലുകൾ പരിശോധിച്ചപ്പോഴാണ് 2011ലെ ശുപാർശക്കത്ത് പുറത്തുവന്നത്.
തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചതായാണ് രേഖ വ്യക്തമാക്കുന്നത്. തുടർന്ന് തച്ചങ്കരിയുടെ ഭാഗത്തുനിന്നുള്ള നിവേദനവും കേന്ദ്രം പരിഗണിച്ചതായി കേസുമായി ബന്ധപ്പെട്ട രേഖകളിൽ വ്യക്തമാകുന്നു.
കത്ത് നൽകിയ വ്യക്തിയുടെ പേര് കോടതി വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് അന്നത്തെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളെ കേന്ദ്രീകരിച്ച് ചർച്ചകൾ ഉയരുന്നത്. അന്നത്തെ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിയോ വയലാർ രവിയോ അല്ല കത്ത് നൽകിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതോടെയാണ് അന്നത്തെ കോൺഗ്രസ് രാജ്യസഭാംഗമായിരുന്ന പി.ജെ. കുര്യന്റെ പേരിലേക്കും സംശയങ്ങൾ നീണ്ടത്. എന്നാൽ കത്ത് താൻ തന്നെയാണ് നൽകിയതെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
കേസിൽ പ്രോസിക്യൂഷൻ അനുമതിക്ക് മുമ്പുണ്ടായ ഇടപെടലുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതിനിടെയാണ് പി.ജെ. കുര്യന്റെ പ്രതികരണം. കത്ത് നൽകിയ വ്യക്തിയുടെ പേര് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടായിട്ടില്ല.














