തൃശൂർ: പുതുക്കാട് ആമ്പല്ലൂരിലെ ലോഡ്ജിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒല്ലൂർ മരത്താക്കര സ്വദേശി പനമാടൻ വീട്ടിൽ യാഗിൻ (28), പുതുക്കാട് ചെങ്ങാലൂർ റോഡ് സ്വദേശി ഉക്കുരു വീട്ടിൽ ആസ്റ്റിൻ (24) എന്നിവരെയാണ് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പോലീസും ചേർന്ന് പിടികൂടിയത്.
ഫാഷൻ ഡിസൈനറാണെന്ന് പരിചയപ്പെടുത്തിയാണ് യാഗിൻ പുതുക്കാട്ടെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നത്. വസ്ത്രങ്ങളുടെയും ഷൂസുകളുടെയും ഡിസൈൻ തയ്യാറാക്കുന്നതായി ഇയാൾ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേന ആസ്റ്റിൻ ദിവസവും ലോഡ്ജിലെത്തിയിരുന്നതായും പോലീസ് പറയുന്നു.
ഇരുവരും ചേർന്ന് ലഹരി ഉപയോഗിക്കുന്നവരെ ഫോണിൽ ബന്ധപ്പെട്ട് ലോഡ്ജ് മുറിയിലേക്ക് എത്തിക്കുകയും തുടർന്ന് എംഡിഎംഎ കൈമാറുകയും ചെയ്തിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതായും പോലീസ് അറിയിച്ചു.
യാഗിനെ നേരത്തെയും എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ചതിന് രണ്ട് തവണ പോലീസ് പിടികൂടിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച് പൊതുജനങ്ങളെ ശല്യം ചെയ്തതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് പോലീസ് അറിയിച്ചു.















