താമരശേരി: താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരത്തിലെ ഏഴാം വളവിൽ രാത്രി 12 മണിയോടെയാണ് ലോറി കേടായി ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചത്.
കേടായ ലോറി പുലർച്ചെ രണ്ടുമണിയോടെ മാറ്റിയെങ്കിലും ചുരത്തിലെ ഗതാഗതക്കുരുക്ക് പൂർണമായി ഒഴിഞ്ഞിട്ടില്ല. ടോറസ്, മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇപ്പോഴും ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്.
രാത്രി മുതൽ നിരയിൽ കിടന്ന വാഹനങ്ങൾക്ക് പിന്നാലെ രാവിലെ എത്തിയ വാഹനങ്ങൾ കൂടി എത്തിയതോടെയാണ് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായത്. നിലവിലെ സാഹചര്യത്തിൽ ഗതാഗതം പൂർണമായും സാധാരണ നിലയിലാകാൻ അഞ്ച് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
വാഹനങ്ങൾ കടത്തിവിടുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി പൊലീസും നാട്ടുകാരും ചേർന്ന് ശ്രമം തുടരുകയാണ്.















