ആലപ്പുഴ: ചേർത്തലയിൽ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. ഇലഞ്ഞി സ്വദേശി രഞ്ജീഷ് (25) നെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകുന്നതിന് ലീഗൽ എയ്ഡ് സെല്ലിനെ സമീപിക്കാനും കോടതി നിർദേശിച്ചു.
2015 നവംബർ 11നാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ ചേർത്തല ആഞ്ഞിലിപ്പാലത്തിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ പ്രതി യുവതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു.
പാമ്പാടി എൻജിനീയറിങ് കോളേജിൽ ഇരുവരും സഹപാഠികളായിരുന്നു.
ചേർത്തല സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർമാരായ ടോമി സെബാസ്റ്റ്യൻ, വി.പി. മോഹൻലാൽ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിലെ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി രഞ്ജീഷിന് ശിക്ഷ വിധിച്ചത്.















