ആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 22 വർഷത്തിന് ശേഷം റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം സ്വദേശി എ. സഫീർ (43) ആണ് കോഴിക്കോട്ടുനിന്ന് ആലപ്പുഴ റെയിൽവേ പൊലീസിന്റെ പിടിയിലായത്.
2004 ജൂൺ 24-നാണ് കേസിനാസ്പദമായ സംഭവം. ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയുടെ 25 ഗ്രാം, മൂന്ന് പവൻ തൂക്കമുള്ള സ്വർണമാലയാണ് സഫീറും സംഘവും ചേർന്ന് കവർന്നത്.
മോഷണത്തിന് പിന്നാലെ അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട മൂന്നംഗ സംഘത്തെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രതികൾക്ക് ജാമ്യം ലഭിച്ചു. എന്നാൽ കോടതിയിലെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ കേസിലെ മൂന്നാം പ്രതിയായ സഫീർ ഒളിവിൽ പോകുകയായിരുന്നു.
പിന്നീട് ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് കണ്ടെത്തിയത്. വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തിയ സഫീർ കോഴിക്കോട് വിവാഹം കഴിച്ച് അവിടെ താമസിച്ചുവരികയായിരുന്നു.
ഒരാഴ്ച നീണ്ട നിരീക്ഷണത്തിന് പിന്നാലെ അറസ്റ്റ്
സഫീർ കോഴിക്കോട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയായി റെയിൽവേ പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്.
റെയിൽവേ എസ്എച്ച്ഒ കെ.ബി. ജോയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഫീറിനെ പിടികൂടിയത്. 2004ൽ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയെ 22 വർഷത്തിന് ശേഷമാണ് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
( AI Image)















