കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി-20 ചീഫ് കോഓർഡിനേറ്ററും കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ്. തനിക്കെതിരെ ചാനൽ സംപ്രേഷണം ചെയ്ത വാർത്തകൾ വ്യാജമാണെന്നും കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതെന്നും സാബു എം. ജേക്കബ് പറഞ്ഞു. റിപ്പോർട്ടർ ടിവിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന സർക്കാരിൽ നിന്ന് 38 കോടി രൂപയ്‌ക്ക് വാങ്ങിയ ഭൂമിയാണ് ബാങ്കിന് ഈടായി നൽകിയത്. കിറ്റക്സ് അപ്പാരൽ പാർക്കിനായി 1,040 കോടി രൂപയുടെ വായ്പയാണ് എടുത്തതെന്നും സെപ്റ്റംബർ മുതൽ തിരിച്ചടവ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ഫാക്ടറി കിറ്റക്സ് മാനുഫാക്ചേഴ്സുമായി ലയിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. തെലങ്കാന സർക്കാരിന്റെ ഭൂമി തട്ടിയെടുത്തെന്ന ആരോപണം അസംബന്ധമാണെന്നും ഷെയർഹോൾഡർമാരുടെ അനുമതിയില്ലാതെ വായ്പയെടുത്തെന്ന ആരോപണം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടിവി ഉന്നയിച്ച ആരോപണങ്ങൾ തെളിയിച്ചാൽ വാർത്ത നൽകിയ റിപ്പോർട്ടർമാർക്ക് ഓരോ കോടി രൂപ വീതം നൽകാമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
തെലങ്കാനയിലെ കമ്പനി കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രവർത്തനം ആരംഭിച്ചതെന്നും അതിന് പിന്നാലെ ഉടൻ ലാഭം പ്രതീക്ഷിക്കുന്നത് എങ്ങനെയാണെന്നും സാബു എം. ജേക്കബ് ചോദിച്ചു. കഴിഞ്ഞ 26 വർഷമായി കിറ്റക്സ് ലാഭമുണ്ടാക്കുകയും ഓഹരി ഉടമകൾക്ക് ഡിവിഡൻഡ് നൽകുകയും ചെയ്ത സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.
ഷെയർഹോൾഡർമാരുടെ പരാതിയെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടർ ടിവി പുറത്തുവിട്ട വിവരങ്ങളും സാങ്കൽപ്പികമാണെന്നാണ് സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു. ഒരു ഷെയർഹോൾഡർ സെബിക്ക് പരാതി നൽകിയാൽ സാധാരണയായി നടപടിക്രമം അനുസരിച്ച് വിഷയം പരിഗണിക്കപ്പെടുമെന്നും നാല് മാസം മുമ്പ് പരാതി നൽകിയെന്ന റിപ്പോർട്ടിലെ അവകാശവാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
താൻ ആർക്കും CSR വാഗ്ദാനം നൽകിയിട്ടില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഏത് സ്ഥലത്ത് പ്രവർത്തിച്ചാലും സ്ഥാപനത്തിന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം അവിടെ ചെലവഴിക്കുക എന്നതാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് വായ്പ നൽകിയിരിക്കുന്നത് കേരളത്തിലെ ബാങ്കുകളാണെന്നും കിറ്റക്സ് ബാങ്കുകളെ കബളിപ്പിച്ചെന്ന ആരോപണം ശരിയാണെങ്കിൽ ബാങ്കുകൾക്ക് ഹൈക്കോടതിയെ സമീപിക്കാമായിരുന്നില്ലേയെന്നും സാബു എം. ജേക്കബ് ചോദിച്ചു.
റിപ്പോർട്ടർ ടിവിക്കും ആൻ്റോ അഗസ്റ്റിനുമെതിരെ തന്റെ കൈവശം തെളിവുകളുണ്ടെന്നും വിശ്വസനീയമായ ഏജൻസി അന്വേഷണം നടത്തിയാൽ അവ കൈമാറുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് തനിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി റിപ്പോർട്ടർ ടിവി എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആൻ്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരായ കൂടുതൽ തെളിവുകൾ തിങ്കളാഴ്ച പുറത്തുവിടുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
മുട്ടിൽ മരംമുറി കേസിൽ കോടതി കുറ്റപത്രം മടക്കിയ സംഭവത്തിലും ആൻ്റോ അഗസ്റ്റിന്റെ സ്വാധീനമുണ്ടായിരുന്നു. ചാനലിന്റെ ബ്രോഡ്കാസ്റ്റിങ് ലൈസൻസ് പൊതുജനങ്ങളെ കാണിക്കാൻ റിപ്പോർട്ടർ ടിവിയെ സാബു ജേക്കബ് വെല്ലുവിളിച്ചു. റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.















