പറവൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ യാത്രക്കാരുടെ മുന്നിൽ വച്ച് കെഎസ്ആർടിസി കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്‌ക്ക് 2.30ഓടെ പറവൂർ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട KL 15 9635 ലിമിറ്റഡ് സ്റ്റോപ്പ് ബസിലാണ് സംഭവം. നഗരത്തിലെ ഒരു സ്കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാർത്ഥിനികൾ വള്ളുവള്ളിയിലേക്ക് പോകുന്നതിനായി ബസിൽ കയറിയിരുന്നു. ഇവരിൽ നാല് വിദ്യാർത്ഥിനികൾക്ക് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സീറോ ടിക്കറ്റ് നൽകിയെന്നും, തനിക്ക് മാത്രം ടിക്കറ്റ് എടുക്കാൻ പണം ആവശ്യപ്പെട്ടെന്നും പരാതിക്കാരി പറയുന്നു.
അടുത്തിടെ ക്ഷേത്രദർശനം കഴിഞ്ഞതിനാൽ മുടി കുറവായിരുന്ന പെൺകുട്ടി കമ്മലും മാലയും ധരിച്ചിരുന്നു. നിന്നെ കണ്ടാൽ പെൺകുട്ടിയായി തോന്നുന്നില്ല സീറോ ടിക്കറ്റ് തരില്ല എന്ന് കണ്ടക്ടർ യാത്രക്കാരുടെ മുന്നിൽ വെച്ച് ആക്ഷേപിച്ചെന്നും നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും, അല്ലെങ്കിൽ പെണ്ണാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണം എന്ന് അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ വിദ്യാർത്ഥിനിയും കുടുംബവും ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.















