തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന വേളി–കഠിനംകുളം സോളാർ ബോട്ട് സർവീസ് ഈ മാസം 30ന് ആരംഭിക്കും. ഗതാഗത മന്ത്രി സി.പി. ജോൺ സർവീസ് ഉദ്ഘാടനം ചെയ്യും. സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങൾക്കും പ്രത്യേകം നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. കഠിനംകുളം കായലിലൂടെ സഞ്ചരിച്ച് കഠിനംകുളം ജെട്ടിയിലെത്തിയ ശേഷം തിരികെ വേളിയിൽ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരും. വേളിയിൽ നിന്ന് പുറപ്പെട്ട് കഠിനംകുളം ചുറ്റി വീണ്ടും വേളിയിലെത്താൻ ഏകദേശം നാല് മണിക്കൂറാണ് യാത്രാസമയം.
ആദ്യഘട്ടത്തിൽ ഒരു സർവീസ്
ദിവസത്തിൽ രണ്ട് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും സർവീസ് ആരംഭിക്കുന്ന ഘട്ടത്തിൽ ഒരു സർവീസ് മാത്രമായിരിക്കും നടത്തുക. സിയാലിന്റെ സോളാർ ബോട്ട് വാടകയ്ക്കെടുത്താണ് ആദ്യഘട്ട സർവീസ് നടത്തുന്നത്. ഒരേസമയം 24 യാത്രക്കാർക്ക് ബോട്ടിൽ സഞ്ചരിക്കാനാകും.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ വൈകിട്ട് 6.30 വരെയും രണ്ട് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ പ്രതികരണവും ആവശ്യകതയും പരിഗണിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം സർവീസിന്റെ ഭാഗമായി കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിനോദസഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി അര മണിക്കൂർ അധികമായി ബോട്ട് സഞ്ചരിക്കും. തുടർന്ന് ബോട്ട് കഠിനംകുളം ജെട്ടിയിൽ എത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിൽ ഉൾപ്പെടുന്ന യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ലഘുഭക്ഷണം നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
സാധാരണ യാത്രക്കാർക്ക് 80 രൂപ
വേളിയിൽ നിന്ന് ചാന്നാങ്കരയിലേക്ക് 50 രൂപയും, ചാന്നാങ്കരയിൽ നിന്ന് കഠിനംകുളത്തേക്ക് 30 രൂപയും ആണ് സാധാരണ യാത്രക്കാരുടെ നിരക്ക്. വേളിയിൽ നിന്ന് നേരിട്ട് കഠിനംകുളത്തേക്ക് യാത്ര ചെയ്യുന്നതിന് 80 രൂപ നൽകണം.
അതേസമയം, വേളിയിൽ നിന്ന് കഠിനംകുളത്ത് പോയി തിരികെ വേളിയിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള പാക്കേജ് നിരക്ക് 400 രൂപയാണ്. കായൽ യാത്രയും ടൂറിസം അനുഭവവും ഉൾപ്പെടുന്നതാണ് ഈ പാക്കേജ്.
11 വയസിന് മുകളിലുള്ളവർക്ക് മുഴുവൻ നിരക്കും ബാധകമാണ്. അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം നിരക്ക് നൽകിയാൽ മതിയാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.
വേളി ടൂറിസം വില്ലേജിനെയും കഠിനംകുളം കായൽ മേഖലയെയും ബന്ധിപ്പിക്കുന്ന പുതിയ ജലഗതാഗത സംവിധാനം യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായൽ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയ്ക്കൊപ്പം വേളി–കഠിനംകുളം മേഖലയുടെ ടൂറിസം സാധ്യതകൾ കൂടുതൽ സജീവമാക്കാനും പുതിയ സർവീസ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.















