മൈമെൻസിംഗ്: സെപ്റ്റംബർ 20 മുതൽ കാണാതായ 50കാരനായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം നീല ഡ്രമ്മിനുള്ളിൽ കണ്ടെത്തി. ബംഗ്ലാദേശിലെ മൈമെൻസിംഗിൽ സ്ലൂയിസ് ഗേറ്റിന് സമീപം വെള്ളത്തിൽ ഒഴുകിനടന്ന ഡ്രമ്മിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാകാമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെഗുൻബാരി മേഖലയിലെ സ്ലൂയിസ് ഗേറ്റിന് സമീപം ഡ്രം വെള്ളത്തിൽ ഒഴുകുന്നത് ബുധനാഴ്ച പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതശരീരത്തിന്റെ ട്രൗസർ പോക്കറ്റിൽ നിന്ന് ലഭിച്ച ടോക്കണാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. മൈമെൻസിംഗ് ഹിന്ദു കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് യൂണിയൻ ലിമിറ്റഡിന്റെ ടോക്കണായിരുന്നു ഇത്. സ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് മരിച്ചത് നിരഞ്ജൻ ചന്ദ്ര സൂത്രധാർ ആണെന്ന് തിരിച്ചറിഞ്ഞത്.
മൈമെൻസിംഗ് നഗരത്തിലെ അഥർബാരി ബിൽഡിങ് മേഖലയിൽ ആഭരണശാല നടത്തിവരികയായിരുന്നു നിരഞ്ജൻ. ഭാര്യയ്ക്കും മകനുമൊപ്പം സ്റ്റേഡിയം മേഖലയിലെ വാടകവീട്ടിലായിരുന്നു നിരഞ്ജന്റെ താമസം. സെപ്റ്റംബർ 20നാണ് ഇയാളെ കാണാതായത്.
മൃതശരീരത്തിൽ തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ ആരാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. വെള്ളിയാഴ്ച രാവിലെ വരെ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.















