തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽനിന്ന് തുക വിനിയോഗിക്കാൻ സർക്കാർ നീക്കം. ഇതിനായി പ്രത്യേകാനുമതി നൽകി. ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങുന്നതിനാണ് അനുമതി.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ ആദ്യഘട്ടത്തിൽ അതത് നിയമസഭാ മണ്ഡലങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കണം. എന്നാൽ പിന്നീട് കോർപറേഷന്റെ ആവശ്യാനുസരണം ബസുകളുടെ റൂട്ട് മാറ്റി സർവീസ് നടത്താനും കെഎസ്ആർടിസിക്ക് അധികാരം നൽകിയിട്ടുണ്ട്.
മോഡലും ഇന്ധനവും കെഎസ്ആർടിസി തീരുമാനിക്കും
എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകളുടെ ഇരിപ്പിട ശേഷി, മോഡൽ, ഇന്ധന രീതി തുടങ്ങിയ കാര്യങ്ങൾ കെഎസ്ആർടിസി തീരുമാനിക്കും. ഇതിനായി സിഎംഡിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
പുതിയ ബസുകളുടെ ജീവനക്കാരുടെ ചെലവ്, ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി, പരിപാലനം തുടങ്ങിയ തുടർ ചെലവുകൾ കെഎസ്ആർടിസി തന്നെ വഹിക്കണം. അതിനാൽ ബസ് വാങ്ങുന്നതിനുള്ള തുക മാത്രമല്ല, സർവീസ് നടത്തുന്നതിനുള്ള തുടർ ഉത്തരവാദിത്വവും കോർപറേഷനാണ് ഏറ്റെടുക്കേണ്ടത്.
ചെലവ് വിവരങ്ങൾ സെപ്റ്റംബർ 30ന് മുമ്പ്
വാങ്ങുന്ന ബസിന്റെ നികുതി, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള മുഴുവൻ ചെലവ് വിവരങ്ങളും സെപ്റ്റംബർ 30ന് മുമ്പായി കെഎസ്ആർടിസി ബന്ധപ്പെട്ട എംഎൽഎമാർക്ക് നൽകണം. ബസ് വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനപ്രതിനിധികളുടെ നിർദേശം ഒക്ടോബർ 15ന് മുമ്പായി അതത് ജില്ലാ കലക്ടർമാർക്ക് സമർപ്പിക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
2026–27 സാമ്പത്തിക വർഷത്തിൽ എംഎൽഎമാർക്ക് അനുവദിക്കുന്ന പ്രാദേശിക ആസ്തി വികസന ഫണ്ടിൽനിന്നാണ് ബസ് വാങ്ങുന്നതിനുള്ള തുക കണ്ടെത്തേണ്ടത്.















