ഭോപ്പാൽ: മധ്യപ്രദേശിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ 30 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളോവേഴ്സുളള നിധി തിവാരിയാണ് മരിച്ചത്. 2024ൽ മിസ് പ്രിറ്റി ഇന്ത്യ കിരീടം നേടിയതോടെയാണ് ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ നേടിയത്.
മോഡലിങ്ങിലും ഡിജിറ്റൽ കണ്ടന്റ് രംഗത്തും സജീവമായിരുന്ന നിധിക്ക് അഭിനയരംഗത്തേക്ക് കടക്കാനും ആഗ്രഹമുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഒരാളുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സംഭവമെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മോര്വ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന് മുമ്പുള്ള ഫോൺ സംഭാഷണങ്ങൾ, കോൾ റെക്കോർഡുകൾ, ഡിജിറ്റൽ വിവരങ്ങൾ തുടങ്ങിയവ പൊലീസ് പരിശോധിക്കുന്നുണ്ട്.
നിധിയുടെ മരണവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പരിചയക്കാരിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.















