നഗോയ: മഴ തോര്‍ന്നില്ല… കുതിപ്പിന് മുന്നിലെ ട്രാക്കും നനഞ്ഞു… നിര്‍ണായക ഘട്ടത്തില്‍ പരിക്കേറ്റ് അവസാന രണ്ട് ശ്രമങ്ങള്‍ പോലും ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ടും മെഡല്‍ കൈവിട്ടില്ല. മുരളി ശ്രീശങ്കര്‍ വീണ്ടും ഏഷ്യന്‍ ഗെയിംസ് വേദിയില്‍ വീണ്ടും വെള്ളി തിളക്കം. നഗോയയിലെ മഴ നനഞ്ഞ രാത്രിയില്‍ പുരുഷന്മാരുടെ ലോങ് ജംപില്‍ 8.07 മീറ്റര്‍ ചാടിയാണ് പാലക്കാട്ടുകാരന്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലെ വെള്ളി നേട്ടം ആവര്‍ത്തിച്ച ശ്രീശങ്കറിന്റെ വലിയ വേദിയിലെ സ്ഥിരതയ്‌ക്ക് മറ്റൊരു തെളിവായി ഈ മെഡലും.
യോഗ്യതാ റൗണ്ടില്‍ 7.84 മീറ്റര്‍ ചാടി രണ്ടാം സ്ഥാനത്തായിരുന്നു ശ്രീശങ്കര്‍. ഫൈനലില്‍ എട്ടു മീറ്റര്‍ കടന്നതോടെ മെഡല്‍ പോരാട്ടം കൂടുതല്‍ കടുത്തു. മത്സരത്തിന്റെ രണ്ടാം പകുതിയിലും രണ്ടാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു താരം. ഫൈനലില്‍ സ്വര്‍ണവും വെള്ളിയും തമ്മിലുള്ള വ്യത്യാസം 10 സെന്റിമീറ്റര്‍ മാത്രം. ചൈനയുടെ ഷി യുഹാവോ 8.17 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ശ്രീശങ്കര്‍ 8.07 മീറ്ററില്‍ വെള്ളി സ്വന്തമാക്കിയപ്പോള്‍ ഉസ്‌ബെക്കിസ്ഥാന്റെ അന്‍വര്‍ അന്‍വറോവ് 8.06 മീറ്ററില്‍ വെങ്കലം നേടി. നാലാം സ്ഥാനത്തുള്ള ലിന്‍ യു-ടാങ്ങിനും വലിയ അകലം ഉണ്ടായിരുന്നില്ല 8.05 മീറ്റര്‍.
അതായത് ആദ്യ നാല് താരങ്ങള്‍ തമ്മിലുള്ള വ്യത്യാസം വെറും 12 സെന്റിമീറ്റര്‍. ഏഷ്യന്‍ ഗെയിംസ് ലോങ് ജംപ് ഫൈനലുകളിലെ ഏറ്റവും കടുത്ത പോരാട്ടങ്ങളിലൊന്നായി മത്സരം മാറിയതും അതുകൊണ്ടുതന്നെ. മറ്റൊരു ഇന്ത്യന്‍ താരം ഡേവിഡ് സോളമന്‍ പട്ടുരാജ് 7.70 മീറ്റര്‍ ചാടി ഏഴാം സ്ഥാനത്തെത്തി. ശ്രീശങ്കറിന്റെ വെള്ളി നേട്ടത്തിന് പിന്നിലെ ഏറ്റവും വലിയ പോരാട്ടം സ്‌കോര്‍ബോര്‍ഡില്‍ കാണാനാകില്ല. നാലാം ശ്രമത്തിനിടെ കനത്ത മഴയില്‍ ജമ്പിങ് ബോര്‍ഡില്‍ കാലിടറി താരം വീണു. ശക്തമായ വീഴ്ചയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന രണ്ട് ശ്രമങ്ങളില്‍ നിന്ന് പിന്മാറേണ്ടിവന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ശ്രീശങ്കറിന് കണങ്കാലിന് ഉളുക്ക് സംഭവിച്ചതായി പിതാവ് എസ്. മുരളി അറിയിച്ചു. അവശേഷിച്ച ശ്രമങ്ങള്‍ നടത്താനാകാതിരുന്നിട്ടും നേരത്തെ കുറിച്ച 8.07 മീറ്റര്‍ മെഡല്‍ ഉറപ്പിക്കാന്‍ മതിയാകുകയായിരുന്നു. ശ്രീശങ്കറിന്റെ കരിയറില്‍ തിരിച്ചടികള്‍ പുതുമയല്ല. 2024 ഏപ്രിലില്‍ പാറ്റലര്‍ ടെന്‍ഡണിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്നു. ഇതോടെ പാരിസ് ഒളിമ്പിക്‌സ് നഷ്ടമായി. എന്നാല്‍ അവിടെ കഥ അവസാനിച്ചില്ല. പുനരധിവാസവും കഠിന പരിശീലനവും പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ശ്രീശങ്കര്‍ വീണ്ടും വലിയ വേദികളില്‍ മെഡല്‍ നേടിത്തുടങ്ങി. 2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി നേടിയിരുന്നു. 2023ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലെ വെള്ളിക്ക് പിന്നാലെ 2026ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും 8.09 മീറ്റര്‍ ചാടി വെള്ളി നേടി.
ഇപ്പോള്‍ വീണ്ടും ഏഷ്യന്‍ ഗെയിംസ് വേദിയില്‍ വെള്ളി. മുരളി ശ്രീശങ്കറിന്റെ പരിശീലകന്‍ മറ്റാരുമല്ല, അദ്ദേഹത്തിന്റെ അച്ഛന്‍ എസ്. മുരളിയാണ്. മുന്‍ ട്രിപ്പിള്‍ ജംപ് താരമായ എസ്. മുരളിയുടെ പരിശീലനത്തിലാണ് ശ്രീശങ്കര്‍ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലേക്ക് വളര്‍ന്നത്. 2023ല്‍ കുറിച്ച 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ വ്യക്തിഗത മികച്ച പ്രകടനം.















