മുംബൈ: ബോളിവുഡ് നടി രാകുൽ പ്രീത് സിംഗിന്റെയും കുടുംബത്തിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. രാകുൽ പ്രീത് സിംഗിന്റെ ഭർതൃപിതാവും നിർമ്മാതാവുമായ വശു ഭഗ്നാനിയുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോയിലും പരിശോധന നടന്നു. വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന സംശയത്തെത്തുടർന്നാണ് പരിശോധന.
ആദായനികുതി വകുപ്പ് മുംബൈ യൂണിറ്റിന്റെ വിവിധ ടീമുകൾ ഒരേസമയം 12 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. സിനിമാ പദ്ധതികൾക്ക് ധനസഹായം നൽകുന്നു എന്ന വ്യാജേന വിദേശത്തേക്ക് പണമിടപാടുകൾ നടത്തിയെന്ന വിവരത്തെ തുടർന്നാണ് നടപടി. ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം ഡിസംബറിൽ മുംബൈ പൊലീസ് നടത്തിയ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നടിയുടെ സഹോദരൻ അമൻ പ്രീത് സിംഗിന്റെ പേര് അന്വേഷണ പരിധിയിൽ വന്നിരുന്നു.















