ഛത്രപതി സംഭാജിനഗർ: മഹാരാഷ്‌ട്രയിൽ ഒരു മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മാതാപിതാക്കൾ 1.2 ലക്ഷം രൂപയ്‌ക്ക് വിറ്റതായി പൊലീസ്. കുഞ്ഞിനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും വാങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തിയ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു.
ഛത്രപതി സംഭാജിനഗറിലെ മുകുന്ദ്‌വാഡി മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ജനിച്ച് ഒരു മാസമായപ്പോൾ ദമ്പതികൾ കുഞ്ഞിനെ ഇടനിലക്കാരിയായ സീമ റേഷ്‌വാളിന് 1.2 ലക്ഷം രൂപയ്‌ക്ക് കൈമാറുകയായിരുന്നു. ഈ കുഞ്ഞ് പിന്നീട് പല തവണ കൈമാറ്റം ചെയ്യപ്പെതായും കണ്ടെത്തിയിട്ടുണ്ട്.
ദമ്പതികളിൽ നിന്നും വാങ്ങിയ സീമ, 2.7 ലക്ഷം രൂപയ്‌ക്ക് പാഡേഗാവ് സ്വദേശിനിയായ സംഗീത അവ്ഹാഡിന് കുഞ്ഞിനെ വിറ്റു. സംഗീത പിന്നീട് സുരേഷ് ഗുണ്ടുകയ്‌ക്ക് 3.5 ലക്ഷം രൂപയ്‌ക്ക് കുഞ്ഞിനെ കൈമാറി. വ്യാജ ഡോക്ടറായ ഗുണ്ടുക തുടർന്ന് ബന്ധുവായ ഉമ ഖട്കമിന് കുഞ്ഞിനെ കൈമാറി. ഹൈദരാബാദിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇതോടെ ജനിച്ച് ഒരു മാസം മാത്രം പിന്നിട്ട കുഞ്ഞ് മഹാരാഷ്‌ട്രയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഹൈദരാബാദിലെത്തുകയായിരുന്നു.
മറ്റൊരു പരാതിയിൽ അന്വേഷണം; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം
സെപ്റ്റംബർ 20ന് കുഞ്ഞിന്റെ അമ്മ മറ്റൊരു സംഭവത്തിൽ തനിക്കെതിരെ ആക്രമണമുണ്ടായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ കൈമാറിയ വിവരം പൊലീസിന് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനാന്തര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കുഞ്ഞ് നിലവിൽ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.
ഏഴ് പേർ അറസ്റ്റിൽ
മുകുന്ദ്‌വാഡി പൊലീസ് ഇൻസ്പെക്ടർ വിവേക് സോനാവണെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പുറമെ സീമ റേഷ്‌വാൾ, സംഗീത അവ്ഹാഡ്, സുരേഷ് ഗുണ്ടുക എന്നിവരടക്കം ഏഴ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുഞ്ഞിനെ കൈമാറിയതിലൂടെ മാതാപിതാക്കൾക്ക് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയതായി പറയുന്ന വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പൊലീസ് കണ്ടെത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പ്രതികൾക്ക് സമാനമായ രീതിയിൽ മറ്റ് കുട്ടികളെ കൈമാറിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.















