കൊച്ചി: മുസ്‌ലിം വ്യക്തിനിയമപ്രകാരം സ്ത്രീക്ക് ‘ഖുല്‍അ്’ വഴി ഭർത്താവിന്റെ സമ്മതമോ അംഗീകാരമോ ഇല്ലാതെ വിവാഹമോചനം നേടാമെന്ന് കേരള ഹൈക്കോടതി. പുരുഷന് ‘ത്വലാഖ്’ വഴി വിവാഹമോചനം നേടാനുള്ള അവകാശത്തിന് സമാനമായി, സ്ത്രീക്ക് ലഭിച്ചിരിക്കുന്ന വിവാഹമോചന അവകാശമാണ് ‘ഖുല്‍അ്’ എന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നാമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. ‘ഖുല്‍അ്’ പ്രകാരമുള്ള വിവാഹമോചനത്തിന്റെ സാധുത ഭർത്താവിന്റെ സമ്മതത്തെയോ അംഗീകാരത്തെയോ ആശ്രയിച്ചല്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹബന്ധം അവസാനിപ്പിക്കാനുള്ള ഭാര്യയുടെ പൂർണവും നിരുപാധികവുമായ അവകാശമാണ് ‘ഖുല്‍അ്’ എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ‘ഖുല്‍അ്’ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്നതിനായി കുടുംബകോടതിയെ സമീപിക്കുമ്പോൾ ദീർഘമായ വിചാരണയോ സാക്ഷിവിസ്താരമോ വിശദമായ തെളിവെടുപ്പോ നിർബന്ധമാക്കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു.
‘ഖുല്‍അ്’ സാധുവാകാൻ മൂന്ന് പ്രധാന ഘടകങ്ങൾ
കുടുംബകോടതി പരിശോധിക്കേണ്ടത് പ്രധാനമായും മൂന്ന് കാര്യങ്ങളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
- വിവാഹബന്ധം അവസാനിപ്പിക്കുന്നതായി ഭാര്യ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ടോ
- വിവാഹസമയത്തോ വിവാഹശേഷമോ ലഭിച്ച മഹർ ഉൾപ്പെടെയുള്ള ഭൗതിക ആനുകൂല്യങ്ങൾ തിരിച്ചുനൽകാൻ ഭാര്യ തയ്യാറാണോ
- വിവാഹമോചന പ്രഖ്യാപനത്തിന് മുമ്പ് കുടുംബങ്ങൾക്കിടയിൽ ഫലപ്രദമായ അനുരഞ്ജന ശ്രമം നടന്നിട്ടുണ്ടോ
ഈ ഘടകങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ ‘ഖുല്‍അ്’ സാധുതയുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ സമ്മതം ലഭിച്ചിട്ടുണ്ടോ എന്നത് അതിന്റെ സാധുത നിർണയിക്കുന്ന ഘടകമല്ലെന്നും കോടതി നിരീക്ഷിച്ചു.
2023ൽ വിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ ‘ഖുല്‍അ്’ പ്രഖ്യാപിക്കുകയും അതിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു.
എന്നാൽ ‘ഖുല്‍അ്’ അസാധുവാണെന്ന് പ്രഖ്യാപിക്കണമെന്നും വിശദമായ തെളിവെടുപ്പും മധ്യസ്ഥശ്രമങ്ങളും പൂർത്തിയാകുന്നതുവരെ നടപടികൾ നിർത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് ഹർജികളും ഉപഹർജികളും സമർപ്പിച്ചു. കുടുംബകോടതി ഈ ആവശ്യങ്ങൾ തള്ളിയതിനെ തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
ഭർത്താവിന്റെ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചത്.















