തിരുവനന്തപുരം: കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത് എന്ന് സർക്കാർ വേട്ടയാടിയ തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതൻ. .
പുറത്ത് ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള നടപടികൾ തകൃതിയായി നടക്കുമ്പോൾ ജയിലിനുള്ളിലാണ് ഏറ്റവും കൂടുതൽ ലഹരി കച്ചവടവും ഉപഭോഗവും നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.’കറക്ഷൻ ജയിലെന്നാണ് ബോർഡ്, പക്ഷേ ഇതുവരെ ഒരാളെയെങ്കിലും തിരുത്തി പുറത്തിറക്കിയിട്ടുണ്ടോ? 19-20 വയസ്സുള്ള ചെറുപ്പക്കാരെ വലിയ കുറ്റവാളികൾക്കൊപ്പമാണ് പാർപ്പിക്കുന്നത്. ഇത് ചെറുപ്പക്കാർക്ക് തെറ്റുകൾ തിരിച്ചറിഞ്ഞ് നന്നാകാനുള്ള അവസരം തടസ്സപ്പെടുത്തുന്നു,’ സുഗതൻ പറഞ്ഞു. നാടിന്റെ വികസനത്തിനായുള്ള പോരാട്ടങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സുഗതൻ വ്യക്തമാക്കി. കാപ്പ തടങ്കലിൽ കഴിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ ആവശ്യങ്ങൾക്കും നാടിന്റെ വികസനത്തിനുമായി ഇനിയും ജയിലിൽ പോകാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ കാപ്പ ചുമത്തി ജയിലിലടച്ചത് രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായിരുന്നുവെന്നും ജനപ്രതിനിധി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാനും ജനകീയ പോരാട്ടങ്ങളെ തളർത്താനുമുള്ള നീക്കമാണ് ഉണ്ടായതെന്നും സുഗതൻ ആരോപിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും വാർഡിലെ ജനങ്ങൾക്കും തിരുവനന്തപുരം മേയർ വി.വി. രാജേഷിനും, മറ്റ് കൗൺസിലർമാർക്കും അഭിഭാഷകർക്കും സുഗതൻ നന്ദി അറിയിച്ചു.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് എട്ട് വർഷം മുമ്പ് ആരംഭിച്ച ജനകീയ സമരത്തിന്റെ സംഘാടകനായി പ്രവർത്തിച്ചതോടെയാണ് തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ചതെന്നും സുഗതൻ ആരോപിച്ചു. ഫണ്ട് അനുവദിച്ചിട്ടും റോഡ് വികസനം നടപ്പാക്കാത്തതിനെതിരെയായിരുന്നു സമരം. പ്രദേശത്തെ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പിന്തുണയോടെ സമരം നടത്തിയതിന്റെ പേരിലാണ് തനിക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷം മുമ്പ് സമരത്തിനിടെ തന്നെ ആക്രമിച്ചെന്നും ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയെന്നും സുഗതൻ ആരോപിച്ചു. കൗൺസിലർ സ്ഥാനവുമായി ബന്ധപ്പെട്ട് താൻ സമർപ്പിച്ച അവധി അപേക്ഷയിൽ അനുകൂലമായി നിയമപരമായ കുറിപ്പ് നൽകിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയെ പിന്നീട് മാറ്റിയ നടപടിയും രാഷ്‌ട്രീയ ഇടപെടലിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
കാപ്പ ചുമത്തി ജയിലിലടച്ചതിലൂടെ തന്നെ ജനപ്രതിനിധി സ്ഥാനത്തുനിന്ന് മാറ്റിനിർത്താനുള്ള ശ്രമമാണ് നടന്നതെന്നും സുഗതൻ ആവർത്തിച്ചു. അതേസമയം, അദ്ദേഹത്തിനെതിരായ കാപ്പ തടങ്കൽ ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത പക്ഷം വീണ്ടും സമരരംഗത്തിറങ്ങുമെന്നും സുഗതൻ വ്യക്തമാക്കി.















