കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയതായി കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ സ്വദേശി ശ്രീരാജിനെക്കുറിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിളിച്ചുവരുത്തിയ 10 മുതല്‍ 15 വരെ യുവതികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഇവരില്‍ ആര്‍ക്കെങ്കിലും അതിക്രമമോ മോശം പെരുമാറ്റമോ നേരിടേണ്ടിവന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും.
ശ്രീരാജില്‍നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളിലെ ചാറ്റുകളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. നിലവിലെ കേസിലെ അതിജീവിതയെയും സമാനമായ രീതിയില്‍ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്നാണ് പോലീസ് പറയുന്നത്. പട്ടികയിലുള്ള യുവതികളെ നേരിട്ട് സമീപിച്ച് മൊഴിയെടുക്കാനാണ് തീരുമാനം. പരാതികള്‍ ലഭിക്കുന്നപക്ഷം ശ്രീരാജിനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തേക്കും.
സ്പാകളുടെ മറവില്‍ ആവശ്യക്കാര്‍ക്ക് യുവതികളെ കൈമാറുന്ന റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ നടത്തിയിരുന്ന സ്പാകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെയും സ്പാകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്.
ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍, ശരണ്യ, സഞ്ജു എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായ നാലുപേര്‍. ശ്രീരാജിനെയും ജിത്ത് മാര്‍ട്ടിനെയും പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്യുകയാണ്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാകാമെന്ന സംശയം അതിജീവിതയുടെ ഭര്‍ത്താവും ഉന്നയിച്ചിട്ടുണ്ട്. രാസലഹരി നല്‍കിയശേഷമാണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് കേസ്. ലഹരി എത്തിച്ച ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ശ്രീരാജ് വഴിയാണ് ലഹരി എത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറയുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ശ്രീരാജ് ഗുണ്ടകളുടെ സഹായം തേടിയിരുന്നതായും വിവരമുണ്ട്. ഇയാളും പങ്കാളികളും നടത്തിയിരുന്ന സ്പാകള്‍ക്ക് ഗുണ്ടാ സംരക്ഷണം ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കും. നിലവില്‍ അറസ്റ്റിലായ നാലുപേരില്‍ മാത്രം അന്വേഷണം ഒതുങ്ങില്ലെന്നും കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.















