ന്യൂഡൽഹി: പാറ്റകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം. രാജ്യവിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. നിയമപാലന ഏജൻസികൾ ഉൾപ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന പരാതികൾക്ക് മുൻഗണന നൽകി നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും കൃത്രിമമായി മാറ്റം വരുത്തിയതും സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി പ്രചരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ നാളെ നടത്താനിരുന്ന പാറ്റാ സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ജന്തർ മന്തറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും തീരുമാനിച്ചു. ഡൽഹിയിലേക്കും ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്കും എത്തുന്ന ചില ട്രെയിൻ സർവീസുകൾ റദ്ദാക്കി.
ഒക്ടോബർ രണ്ടുമുതൽ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പൊതുമുതൽ നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഗതാഗതം തടസ്സപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പൊലീസിന്റെ മുന്നറിയിപ്പ് നൽകി.
നാളത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലുടനീളം സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ അധികമായി നൂറിലധികം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ഡ്രോൺ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയുന്നതിനും അക്രമസംഭവങ്ങൾ തടയുന്നതിനുമുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.















