ഓസ്ലോ: 2026-ലെ സമാധാന നൊബേൽ പുരസ്കാരം ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയും ഇന്ത്യൻ വംശജയുമായ നവനീതം ‘നവി’ പിള്ളയ്‌ക്ക്. സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്‌ട്ര നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. വെള്ളിയാഴ്ചയാണ് നോർവീജിയൻ നൊബേൽ കമ്മിറ്റി പുരസ്കാരം പ്രഖ്യാപിച്ചത്.
രാജ്യങ്ങളെയും ദേശീയ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇരകൾക്ക് പ്രതീക്ഷ പകരാനും നവി പിള്ള നടത്തിയ പ്രവർത്തനങ്ങളെ നൊബേൽ കമ്മിറ്റി പ്രശംസിച്ചു. വ്യക്തികളും രാജ്യങ്ങളും നിയമവാഴ്ച പാലിക്കേണ്ടതിന്റെ പ്രാധാന്യം തന്റെ ദീർഘകാല പ്രവർത്തനങ്ങളിലൂടെ അവർ ഉയർത്തിക്കാട്ടിയെന്നും കമ്മിറ്റി വ്യക്തമാക്കി.
ആരാണ് നവി പിള്ള?
തമിഴ്നാട് സ്വദേശികളുടെ മകളായി 1941ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് നവി പിള്ളയുടെ ജനനം. ബസ് ഡ്രൈവറായിരുന്നു പിതാവ്. എട്ട് മക്കളുള്ള കുടുംബത്തിലാണ് നവി പിള്ള വളർന്നത്. വർണവിവേചനത്തിന്റെ കറുത്ത കാലഘട്ടത്തിൽ വളർന്ന അവർ പിന്നീട് മനുഷ്യാവകാശ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായി മാറി. വർണവിവേചനത്തിനെതിരായ പോരാട്ടങ്ങളിൽ സജീവമായിരുന്ന നവി പിള്ള, നെൽസൺ മണ്ടേലയുൾപ്പെടെയുള്ളവരുടെ അവകാശങ്ങൾക്കായി നിയമപോരാട്ടം നടത്തിയിട്ടുണ്ട്.
1965-ൽ നിയമപഠനം പൂർത്തിയാക്കിയ അവർ ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകയായി പ്രവർത്തിച്ചു. വിവേചനപരമായ നിയമങ്ങൾക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും പോരാടിയ നവി പിള്ള, റുവാണ്ടയ്‌ക്കായുള്ള അന്താരാഷ്‌ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചു. ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായും നവി പിള്ള പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര നിയമവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള അവരുടെ ദീർഘകാല ഇടപെടലുകളാണ് നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്.















