അബുദാബി: ഫ്ലൈദുബായ് വിമാനത്തിന്റെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാൻ സ്വദേശിയായ സഹ പൈലറ്റ് വിമാനം ഇസ്രായേലിലെ ബെൻ ഗുരിയോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കി ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി യുഎഇ പ്രോസിക്യൂഷൻ മേധാവി ഹമദ് സൈഫ് അൽ ഷംസി. സെപ്റ്റംബർ 30ന് നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
29കാരനായ ഹമാം അൽ ഹമാമി മുൻകൂട്ടി ആസൂത്രണം ചെയ്താണ് വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ടെൽ അവീവ് വിമാനത്താവളത്തിലെ ടെർമിനലായിരുന്നു ലക്ഷ്യമെന്നും ഇയാളുടെ മൊഴിയിൽനിന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു.
9/11 ഭീകരാക്രമണത്തിൽനിന്ന് പ്രചോദനം
2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഇരട്ട ഗോപുരങ്ങൾ തകർത്ത ഭീകരാക്രമണത്തിൽനിന്നാണ് പ്രതി പ്രചോദനം ഉൾക്കൊണ്ടത്. വിമാനം ഉപയോഗിച്ച് സമാനമായ ആക്രമണം നടത്തണമെന്ന ആശയം ഇയാളുടെ മനസ്സിൽ ശക്തമായിരുന്നുവെന്നും അതിന്റെ ഭാഗമായാണ് വ്യോമയാന മേഖലയിൽ ജോലി നേടാൻ ശ്രമിച്ചതെന്നും മൊഴിയിൽ വ്യക്തമാക്കിയതായി അധികൃതർ അറിയിച്ചു.
2017ൽ ഓസ്‌ട്രേലിയയിൽ പഠിക്കുന്ന കാലത്താണ് ഇയാളിൽ തീവ്രവാദ ആശയങ്ങൾ വളർന്നുതുടങ്ങിയത്. ആക്രമണത്തിന് മുമ്പ് രണ്ടുതവണ ടെൽ അവീവിലേക്ക് നടത്തിയ വിമാനയാത്രകൾ വഴി റൂട്ടും വിമാനത്താവളവും നിരീക്ഷിച്ചിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
വിവിധ വിമാനക്കമ്പനികളിൽ ജോലി ചെയ്തു
2020 മുതൽ 2024 വരെ ഒമാൻ എയറിൽ ജോലി ചെയ്ത പ്രതി 2025ന്റെ തുടക്കത്തിൽ റോയൽ എയർ മറോക്കിൽ ചേർന്നു. ഏതാനും മാസങ്ങൾക്കുശേഷം അവിടെനിന്ന് മാറിയ ഇയാൾ 2026 ജനുവരിയിലാണ് ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിച്ചത്.
ഓസ്‌ട്രേലിയയിലെ മെൽബണിൽ പഠിച്ചിരുന്ന കാലത്തെ ബന്ധങ്ങളും അന്വേഷണവിധേയമാണ്. റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി (RMIT) ബന്ധപ്പെട്ട ഒരു പള്ളിയിൽ പതിവായി പോയിരുന്നതായും അവിടെ ‘മൈ സെന്റർ’ എന്നറിയപ്പെടുന്ന കേന്ദ്രവുമായി ബന്ധമുള്ള ചിലരെ പരിചയപ്പെട്ടതായും പ്രതി മൊഴി നൽകി.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കൂടുതൽ കാണുകയും സ്വകാര്യ പരിശീലകന്റെ കീഴിൽ ബോക്‌സിങ് പരിശീലനം നടത്തുകയും ചെയ്താണ് ആക്രമണത്തിനായി മാനസികമായും ശാരീരികമായും തയ്യാറെടുത്തതെന്നാണ് പ്രതിയുടെ മൊഴിയിലുള്ളത്.
വിമാനക്കമ്പനിയുടെ പരിശോധനകളിലും കണ്ടെത്തിയില്ല
പൈലറ്റ് ലൈസൻസ്, സ്വഭാവ സർട്ടിഫിക്കറ്റ്, സുരക്ഷാ പരിശോധനകൾ എന്നിവയുൾപ്പെടെ ഫ്ലൈദുബായ് നിയമനത്തിനായി നിശ്ചയിച്ചിരുന്ന നടപടിക്രമങ്ങൾ പ്രതി പൂർത്തിയാക്കിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇയാളുടെ തീവ്രവാദ ചിന്തകളോ ആക്രമണപദ്ധതിയോ ഈ പരിശോധനകളിലൂടെ കണ്ടെത്താനായില്ലെന്നാണ് അധികൃതർ അറിയിച്ചത്.















