ന്യൂഡൽഹി: കൊക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നിയമവിഭാഗം മേധാവി രത്ന സിംഗ് പൊലീസിനെതിരെ നൽകിയ ഹർജികൾ ഡൽഹിയിലെ സാകേത് കോടതി തള്ളി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുന്നോടിയായി തന്നെ അന്യായമായി തടഞ്ഞുവെച്ചെന്നാരോപിച്ച് പൊലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ആവശ്യം. ഒക്ടോബർ 10നാണ് കോടതി ഹർജികൾ തള്ളിയത്.
മജിസ്‌ട്രേറ്റ് അഭിനവ് പാണ്ഡെയാണ് ഹർജികൾ പരിഗണിച്ചത്. ആവശ്യമായ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ രൂപത്തിൽ എഫ്.ഐ.ആർ ആവശ്യപ്പെട്ടുള്ള അപേക്ഷ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. തടങ്കലിൽനിന്ന് മോചിപ്പിക്കണമെന്ന അപേക്ഷയും കോടതി തള്ളി.
വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടികളുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ അഭിഭാഷകർ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ പൊലീസ് തന്റെ യാത്ര തടഞ്ഞുവെന്നാണ് രത്ന സിംഗിന്റെ ആരോപണം.















