ഡൽഹി: കൊച്ച്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ നടത്തിയ പരാമർശങ്ങളെ തള്ളി ഇന്ത്യ. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്നും ജനീവയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സംഘം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, രാജ്യത്ത് സ്വതന്ത്ര മാധ്യമങ്ങളും ശക്തമായ ജനാധിപത്യ സ്ഥാപനങ്ങളും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുമുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എന്നാൽ എല്ലാ ജനാധിപത്യ രാജ്യങ്ങളിലുമെന്നപോലെ പൊതുസമാധാനം സംരക്ഷിക്കുന്നതിനായി ന്യായമായ നിയന്ത്രണങ്ങളും ബാധകമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
നിയമാനുസൃതമായാണ് അധികൃതർ പ്രവർത്തിക്കുന്നതെന്നും പരാതികൾ പരിഹരിക്കാൻ കോടതികളെ സമീപിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും ജനീവയിലെ ഇന്ത്യൻ സ്ഥിരം ദൗത്യം എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
മറ്റ് രാജ്യങ്ങളിലെ വലിയ പ്രതിഷേധങ്ങളിലും യുഎൻ സമാനമായ ശ്രദ്ധ ചെലുത്തണം. നിഷ്പക്ഷതയും പക്ഷപാതരഹിതമായ സമീപനവും ഉറപ്പാക്കിക്കൊണ്ട് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.















