ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം തിരുവൻവണ്ടൂരിൽ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി ലഹരിസംഘത്തിന്റെ അതിക്രമം. മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ചെത്തിയ സംഘം ഇലക്ട്രിക് പോസ്റ്റ് തകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയ ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. ഒരാളെ കൂടി പിടികൂടാനുണ്ടെന്നാണ് വിവരം.
ഞായറാഴ്ച ഉച്ചയോടെയാണ് സംഘത്തിന്റെ ശല്യം തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്രാമവഴിയിലൂടെ അമിതവേഗത്തിൽ കാറോടിച്ചെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കുകയും ചെയ്തു. രാത്രിയിലും ശല്യം തുടർന്നതോടെ നാട്ടുകാർ ഒത്തുകൂടി സംഘത്തിലെ ഒരാളെ ഓതറയിൽനിന്ന് പിടികൂടി പോലീസിന് കൈമാറി.
ഒരാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചതിന് പിന്നാലെ സംഘത്തിലെ മറ്റുള്ളവർ രാത്രിയിൽ വീണ്ടും സ്ഥലത്തെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ‘വടിവാളിന് വെട്ടി റെഡിയാക്കും’ എന്നതടക്കമുള്ള വധഭീഷണി മുഴക്കിയതായും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് രണ്ടുപേരെ ചെങ്ങന്നൂർ നഗരത്തിലെ ബാറിൽനിന്ന് പിടികൂടുകയായിരുന്നു.















