കൊച്ചി: ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യാത്രാക്കപ്പലിൽ ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. ലക്ഷദ്വീപ് സ്വദേശിയായ സയ്യിദ് മുഹമ്മദ് നൗഫലാണ് പിടിയിലായത്.
അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ കടൽക്കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞ് കപ്പലിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തലവേദന മൂലം അമ്മ വിശ്രമിക്കുകയായിരുന്ന സമയത്താണ് സംഭവം നടന്നത്.
കുട്ടി വിവരം അമ്മയെ അറിയിച്ചതോടെ കപ്പലിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് സുരക്ഷാസേന പ്രതിയെ തടഞ്ഞുവയ്‌ക്കുകയും കപ്പൽ കൊച്ചിയിലെത്തിയപ്പോൾ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറുകയും ചെയ്തു.
സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.















