മാന്‍സ (പഞ്ചാബ്): പഞ്ചാബില്‍ ലഹരിമരുന്ന് വില്‍പ്പന ചോദ്യം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം നടത്തിയ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് ഝോട്ട വെടിയേറ്റ് മരിച്ചു. മാന്‍സയിലെ ഒരു മെഡിക്കല്‍ സ്റ്റോറിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ ഇദ്ദേഹത്തെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാലു പേര്‍ക്ക് കൂടി വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരിവ്യാപനം തടയുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിലും ഭഗവന്ത് മാന്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് ബിജെപി ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് മാന്‍സയിലെ മെഡിക്കല്‍ സ്റ്റോറില്‍ ഝോട്ട തത്സമയ സംപ്രേഷണം നടത്തുന്നതിനിടെ കടയുടമയുമായി തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ചിട്ട’ എന്നറിയപ്പെടുന്ന ഹെറോയിന്‍ വില്‍ക്കുന്നുവെന്ന് പര്‍വീന്ദര്‍ കടയുടമയെ ചോദ്യം ചെയ്തത്. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഝോട്ടയുടെ വീഡിയോയില്‍, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രായമായ ഒരാള്‍ കടയില്‍നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നു.
തര്‍ക്കം രൂക്ഷമായതോടെ അശ്വനി കുമാര്‍ എന്ന് തിരിച്ചറിഞ്ഞ കടയുടമ പിസ്റ്റള്‍ കൈയിലെടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം പര്‍വീന്ദര്‍ ഫേയ്‌സബുക്കില്‍ ലൈവ് പോയിരുന്നതിനാല്‍ വെടിവെയ്‌ക്കുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒന്നിലധികം വെടിയേറ്റ ഝോട്ടയെ മാന്‍സ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ഝോട്ടയ്‌ക്കൊപ്പമുണ്ടായിരുന്ന നാലുപേര്‍ക്കും വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പിന് പിന്നാലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
മാന്‍സ മേഖലയില്‍ ലഹരിവ്യാപനത്തിനെതിരെ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഝോട്ട. പ്രദേശത്ത് ലഹരിമരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന മരുന്നുകളും പരസ്യമായി വില്‍ക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം തത്സമയ സംപ്രേഷണങ്ങള്‍ നടത്തിയിരുന്നു. തന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാന്‍സയിലെ ലഹരിവ്യാപാരത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ലഹരിവ്യാപനം നിയന്ത്രിക്കുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന വിമര്‍ശനം ശക്തമാണ്. ലഹരിമരുന്ന് കടത്തും വില്‍പ്പനയും തടയുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ‘യുദ്ധ് നശിയാന്‍ വിരുദ്ധ്’ എന്ന പേരില്‍ ലഹരിവിരുദ്ധ പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് ലഭ്യത സംബന്ധിച്ച ആശങ്കകള്‍ തുടരുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ലഹരിവ്യാപനത്തിനെതിരെ ശബ്ദമുയര്‍ത്തിയ പര്‍വീന്ദര്‍ സിങ് ഝോട്ടയുടെ കൊലപാതകം ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ നടപടികളുടെ ഫലപ്രാപ്തിയും പൊതുജനങ്ങളുടെ സുരക്ഷയും സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നാണ് ആവശ്യം.















